fg
വെള്ളാപ്പള്ളി പാലത്തിലെ തകർന്ന കൈവരിക്ക് പകരം മുള കെട്ടിയിരിക്കുന്നു

ആലപ്പുഴ: രണ്ടു പതിറ്റാണ്ടിന്റെ പഴക്കവുമായി നഗരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളാപ്പള്ളി പാലം അപകട മുനമ്പിലാണ്. എൽ.പി സ്കൂളുകളിലേതടക്കമുള്ള സ്കൂളുകളിലെ നിരവധി കുട്ടികൾ ആശ്രയിക്കുന്ന പാലത്തിന്റെ ഇന്നത്തെ അവസ്ഥ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. ഒപ്പം യാത്രക്കാർക്ക് പേടിസ്വപ്നവുമാകുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി കൈവരികൾ തകർന്നും വശങ്ങളിലെ കോൺക്രീറ്റ് ബീമുകൾ ഇടിഞ്ഞുമാണ് സീവ്യൂ കനാലിന് കുറുകെ പാലത്തിന്റെ നിൽപ്പ്. നഗരസഭയും ജലവിഭവ വകുപ്പും കൈമാറിക്കളിച്ച പാലം, സ്കൂളുകൾ തുറന്നതോടെയാണ് ഏറെ ആശങ്ക ഉയർത്തുന്നത്.

ഉറപ്പില്ലാത്ത കൈവരികൾക്കിടയിലൂടെ കുട്ടികൾ കനാലിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണെന്നത് മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. പലതവണ നഗരസഭയ്ക്ക് നിവേദനം നൽകിയിട്ടും അറ്റകുറ്റപ്പണിക്കുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ലെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. 2002ലാണ് പാലം നിർമ്മിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് നിലവിലെ തകർച്ചയ്ക്ക് കാരണം. പൊട്ടിയ കൈവരികൾക്ക് പകരക്കാരായി പ്രദേശവാസികൾ പാലത്തിൽ മുളവടി കെട്ടിവച്ചിരിക്കുകയാണ്. പാലത്തിന്റെ അടിവശത്തും കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പി തെളിഞ്ഞത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കനാലിന് ആഴം കൂടുതലായതിനാൽ അപകടങ്ങൾ സംഭവിക്കും മുമ്പ് നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാണാതെ പോയ

പ്രതിഷേധങ്ങൾ

പല തവണ പാലത്തിൽ റീത്ത് സമർപ്പിച്ചതുൾപ്പടെയുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും, അധികാരികൾ കണ്ണുതുറന്നിട്ടില്ല. കൊവിഡ് കാലത്ത് ആൾ സഞ്ചാരം കുറഞ്ഞിരുന്നതിനാൽ വലിയ അപകടങ്ങളുണ്ടായില്ല. എന്നാൽ സ്കൂളുകൾ തുറന്ന നിലയ്ക്ക് ഇനി സ്ഥിതി വഷളായേക്കുമെന്നതാണ് പ്രശ്നം. പുന:രുദ്ധാരണത്തിന്റെ പേരിൽ പൊളിച്ചിട്ട പാലങ്ങൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ, തങ്ങളുടെ പ്രശ്നം ഉത്തരവാദിത്തപ്പെട്ടവർ വിലയ്ക്കെടുക്കില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പല തവണ ആവശ്യപ്പെട്ടിട്ടും പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ദയനീയമാണ് സ്ഥിതി. അപകടം സംഭവിക്കും മുമ്പ് നടപടി സ്വീകരിക്കണം.

അഡ്വ റീഗോ രാജു, സീ വ്യൂ വാർഡ് കൗൺസിലർ