കായംകുളം: കേരളത്തിലെ കയർ സഹകരണ സംഘങ്ങളുടെ പ്രവർത്തന പ്രതിസന്ധി സംബന്ധിച്ച് കയർ ഡയറക്ടറുമായി കയർ സൊസൈറ്റീസ് പ്രസിഡന്റ്‌സ് അസോസിയേഷൻ ചർച്ച നടത്തി.
ആലപ്പുഴ കയർഫെഡ് ഓഫീസിൽ നടന്ന ചർച്ചയിൽ സംഘങ്ങൾക്ക് നൽകിവരുന്ന പ്രവർത്തന മൂലധനം, ഇൻകം സപ്പോർട്ട് സ്‌കീമിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള കുടശികതുക, സംഘം സെക്രട്ടറിമാർക്ക് നൽകിയിരുന്ന മാനേജീരിയൽ ഗ്രാന്റ് എന്നിവ ലഭിക്കുന്നതിനെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു. കയർഫെഡിൽ നിന്ന് ലഭിക്കാനുള്ള തുക ലഭിക്കുന്നതിനും സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന കയർ, കയർ ഫെഡ് വാങ്ങുന്നതിനുംചർച്ചയിൽ തീരുമാനമായി
മാർക്കറ്റ് വിലയയ്ക്ക് ഗുണമേൻമയുള്ള ചകിരി സംഘങ്ങൾക്ക് ലഭിക്കണമെന്നുള്ള അസോസിയേഷന്റെ ആവശ്യം അംഗീകരിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, സെക്രട്ടറി വി. ശശിധരൻ, വൈസ് പ്രസിഡന്റ് വയലിൽ ആനന്ദൻ, ട്രഷറർ ഡി. ഉദയഭാനു, ജോയിന്റ് സെക്രട്ടറി തയ്യിൽ റഷീദ് എന്നിവർ പങ്കെടുത്തു.