 
മാന്നാർ: രോഗബാധിതനായി തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന കോവുമ്പുറത്ത് വഴിയമ്പലത്തിന്റെ തെക്കേതിൽ നവാസ് ഇസ്മായിലിനായി ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നടത്തി. നവാസിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ മാന്നാറിലെ സാമൂഹ്യപ്രവർത്തകൻ സുധീർ ഇലവൻസ് ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലുള്ള പരുമല വിമലാലയത്തിൽ വിജിജോണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയതാണ് നവാസിന് സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്. നവാസിന്റെ സഹോദരൻ നിയാസ് ഇസ്മായിൽ നൽകിയ സ്ഥലത്ത് രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, സിറ്റൗട്ട്, ശുചിമുറി എന്നിവയടങ്ങിയ ടൈൽപാകി മനോഹരമാക്കിയ വീട് ഏഴുലക്ഷംരൂപ ചെലവിലാണ് ഒരുമ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച് നൽകിയത്.
മാവേലിക്കര ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി താക്കോൽദാനം നിർവഹിച്ചു. അഡ്വ.ഫ്രാൻസിസ്.വി.ആന്റണി, മാന്നാർ അബ്ദുൾ ലത്തീഫ്, ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, ഷൈന നവാസ്, കെ.എം അശോകൻ, റഷീദ് പടിപ്പുരയ്ക്കൽ, പി.എൻ ശെൽവരാജൻ, ജി.ഹരികുമാർ, അനൂപ്ഖാൻ, കെ.എ.കരീം, ടി.എസ് ഷഫീക്, ശിവദാസ് യു.പണിക്കർ, ഷാജി കല്ലംപറമ്പിൽ, അനിൽ മാന്തറ, ഡൊമിനിക് ജോസഫ്, കലാധരൻ കൈലാസം, സജി കുട്ടപ്പൻ, ബിജു ഇക്ബാൽ, ലത്തീഫ് നാലുപറയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.