ambala
65 കാരിയുടെ കൊലപാതക കേസിൽ റിമാൻ്റിലയിരുന്ന കരുമാടി നാഗുംഗലം കോളനിയിൽ അപ്പു എന്നു വിളിക്കുന്ന സുനീഷ് (22) നെയും കൊണ്ട് അമ്പലപ്പുഴ പൊലീസ് തെളിവെടുപ്പ് നടത്തുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴയിൽ 65കാരി​യെ ക്രൂരമായി​ മർദ്ദി​ച്ചും പീഡി​പ്പി​ച്ചും കൊലപ്പെടുത്തി​യ കേസി​ൽ റിമാൻഡി​ലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കരുമാടി നാഗുംഗലം കോളനിയിൽ അപ്പു എന്നു വിളിക്കുന്ന സുനീഷുമായാണ് (22) 65 കാരിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും, വണ്ടാനത്തെ ഷാപ്പിലും എത്തിച്ച് അമ്പലപ്പുഴ പൊലീസ് തെളി​വെടുപ്പ് നടത്തി​യത്. 65 കാരിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണും, ടോർച്ചും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതി​യുമായെത്തി​യ അമ്പലപ്പുഴ പൊലീസിന്റെ ജീപ്പ് രോഷാകുലരായ സ്ത്രീകൾ കുറച്ചു നേരം തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി. പ്രതി​യെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ 25ന് രാത്രിയി​ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റക്കു താമസിച്ചിരുന്ന 65 കാരിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ശാരീരികമായി ആക്രമിക്കുകയും പീഡി​പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പരിക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരി​ച്ചത്.