s

ആലപ്പുഴ :സ്കൂൾ തുറന്നതോടെ, കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എത്തിക്കുന്നവരെ പിടികൂടാൻ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ ലഹരിവേട്ട കടുപ്പിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചു.

കഴിഞ്ഞ ആറുമാസം എക്സൈസ് നടത്തിയ റെയ്ഡിൽ 803 കേസുകൾ രജിസ്റ്റർ ചെയ്തു. 642 പ്രതികളെ പിടിച്ചു. ഇതിൽ 172കേസുകൾ നിരോധിത പുകയി​ല ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടതാണ്.

തമിഴ്‌നാട്,കർണ്ണാടക, ആന്ധ്ര ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരിയുടെ വരവ്. റെയിൽവേ സ്റ്റേഷൻ വഴിയാണ് ജില്ലയിലേക്ക് ലഹരി ഉത്പന്നങ്ങൾ പ്രധാനമായും എത്തുന്നത്. അമൃത്‌സർ - കൊച്ചുവേളി, ധൻബാദ്, എന്നീ എക്‌സ് പ്രസ് ട്രെയിനുകൾ വഴിയാണ് പുകയില ഉത്പന്നങ്ങളും കഞ്ചാവും പ്രധാനമായും ലഹരിമാഫിയ എത്തിക്കുന്നത്. ആർ.പി.എഫിന്റെയോ റെയിൽവേ പൊലീസിന്റെയോ ശ്രദ്ധയിൽപ്പെട്ടാൽ ഇവ പ്ളാറ്റ്ഫോമിൽ ഉപേക്ഷിക്കും.

നർക്കോട്ടിക് വിഭാഗം ചാർജ്

ചെയ്തത് 356 കേസുകൾ

ലഹരി വസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ പൊലീസിന്റെ നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കേരള ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സിന്റെ 11അംഗ സംഘം നടത്തിയ റെയ്ഡിൽ 356 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. ഇതിന് പുറമേ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു അഡിഷണൽ എസ്.ഐയും ഓരോ വനിതാ, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഇതിന് ജില്ലാ തലത്തിൽ നേതൃത്വം നൽകുന്നത് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറാണ്. കഴിഞ്ഞ ദിവസം ഇരവുകാട് ബൈപാസ് ജംഗ്ഷനിൽനിന്ന് ആയുധശേഖരത്തോടൊപ്പം മയക്കുമരുന്ന് പിടിച്ചതാണ് ഒടിവിലത്തെ സംഭവം.

ആറുമാസത്തിനുള്ളിലെ

എക്സൈസ് കേസുകൾ

 കേസ് : 803

 ആകെ പ്രതികൾ: 707

 അറസ്റ്റിലായവർ............642

പിടിച്ചെടുത്തവ

 ചാരായം.......................484.5ലിറ്റർ

 ഇന്ത്യൻ നിർമ്മിത വിദേശ മദ്യം :1666.8ലിറ്റർ

വാഷ്........9969ലിറ്റർ

 അരിഷ്ടം........530.16ലിറ്റർ

 കഞ്ചാവ്...........40കിലോ

 ഹാൻസ്.......10,0000പായ്ക്കറ്റ്

 പുകയില ഉത്പന്നങ്ങൾ..........91.18കിലോ

 എം.ഡി.എം.എ.......... 47.912ഗ്രാം

 വാഹനങ്ങൾ........24എണ്ണം

"സ്കൂളുകളുടെ പരിസരത്ത് ലഹരി വസ്തുക്കൾ വിൽക്കുന്നത് തടയാൻ ജില്ലയിലെ എല്ലാ റേഞ്ച് ഓഫീസുകളുടെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി.

- ഗോപാലകൃഷ്ണൻ, അസി.എക്സൈസ് കമ്മിഷണർ, ആലപ്പുഴ.