s

മൺസൂൺ ടൂറിസത്തിന് വലിയ സാദ്ധ്യത

ആലപ്പുഴ: മഴയെത്തിയാൽ പിന്നെ ഒഫ് സീസണെന്ന പരമ്പരാഗത ചിന്തകളെ പൊളിച്ചെഴുതി മൺസൂൺ ടൂറിസത്തെ ഊർജ്ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിനോദസഞ്ചാര മേഖല. സ്വകാര്യ സംരംഭകരാണ് വ്യത്യസ്തങ്ങളായ പാക്കേജുകൾ അവതരിപ്പിക്കുന്നത്.

ഉന്മേഷവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ആയുർവ്വേദ ചികിത്സ നടത്തുന്നത് മഴക്കാലത്താണ്. ഇടവപ്പാതിക്കാലമാണ് ആയുർവ്വേദ ചികിത്സാരീതിയായ എണ്ണയിട്ടു തിരുമ്മൽ, ഉഴിച്ചിൽ എന്നിവയ്ക്കു ഏറ്റവും യോജിച്ചത്. കാലവർഷക്കാലത്തെ തണുപ്പും ശുദ്ധമായ പ്രകൃതിയും ചികിത്സയ്ക്ക് ഏറ്റവും യോജിച്ച അന്തരീക്ഷം ഒരുക്കുന്നു. വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കുന്ന ആയുർവേദ ചികിത്സാരീതികളും ഹൗസ് ബോട്ട് യാത്രയും കോർത്തിണക്കിയുള്ളതാണ് മൺസൂൺ കാല പാക്കേജുകൾ. മഴയാത്രയും താമസവും കുറഞ്ഞചെലവിൽ ആസ്വാദ്യകരമാക്കാൻ കെ.ടി.ഡി.സിയും വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പതിവിലും കുറഞ്ഞ നിരക്കിലാണ് പാക്കേജുകൾ നൽകുന്നതെന്ന് ഹൗസ് ബോട്ടുടമകൾ പറയുന്നു.

നാടൻ സദ്യയും ഇടത്തോട് സവാരിയും

കാലത്തിന് യോജിച്ച ഭക്ഷണ രീതീകൾ കൂടി ഉൾപ്പെടുത്തിയാണ് തങ്ങൾ മൺസൂൺ പാക്കേജ് ആവഷ്ക്കരിച്ചിരിക്കുന്നതെന്ന് റോയൽ റിവർ ക്രൂയിസ് ബോട്ടുടമ രാഹുൽ രമേഷ് പറഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രയിൽ സ്ഥിരമായി ഒരുക്കുന്ന കരിമീനടക്കമുള്ള മത്സ്യ,മാംസ വിഭവങ്ങളെ തത്കാലം മാറ്റിനിർത്തി, തനിമയാർന്ന നാടൻ കേരള സദ്യയാണ് മൺസൂൺ പാക്കേജിൽ റോയൽ റിവർ ക്രൂയിസിൽ ഒരുക്കുന്നത്. മഴ സമയത്തെ കുട്ടനാടൻ പ്രകൃതി ബോട്ടിനുള്ളിലിരുന്ന് ആസ്വദിക്കാം. മഴ മാറുന്നതോടെ ഹൗസ് ബോട്ടിൽ നിന്നിറങ്ങി ചെറുവള്ളങ്ങളിൽ കയറി ഇടത്തോടുകളിൽ സഞ്ചരിക്കാം. അവിടെ വല വീശുന്ന മത്സ്യത്തൊഴിലാളികളും, നീന്തി തുടിക്കുന്ന താറാവിൻ കൂട്ടങ്ങളും, കുട്ടനാടൻ ജീവിതവും സഞ്ചാരികൾക്ക് അടുത്തറിയാം. ഹൗസ് ബോട്ട് യാത്രയ്ക്കൊപ്പം ആയുർവേദ റിസോർട്ടുകളിലെ പ്രകൃതി ചികിത്സയും ഓഫർ ചെയ്യുന്ന ബോട്ടുകളുമുണ്ട്.

വേഗയാണ് താരം

കൊവിഡ് ശമിച്ചതോടെ ജലഗതാഗത വകുപ്പിന്റെ വേഗ ടൂറിസ്റ്റ് ബോട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. തദ്ദേശീയർക്ക് പുറമേ, അന്യ സംസ്ഥാനക്കാരും, വിദേശികളുമെത്തുന്നുണ്ട്. ഒരു രാത്രിയും പകലുമടങ്ങുന്ന സഞ്ചാരത്തിന് ആയിരങ്ങളും പതിനായിരങ്ങളും സ്വകാര്യ ബോട്ടുകൾ ഈടാക്കുമ്പോൾ, അഞ്ച് മണിക്കൂർ കായൽ സവാരിക്ക് കേവലം 400 രൂപയെന്നത് വേഗയെ കൂടുതൽ ജനകീയമാക്കുന്നു. കുടുംബശ്രീയുടെ നാടൻ ഭക്ഷണങ്ങളും ബോട്ടിൽ ലഭ്യമാണ്.

ഹൗസ്ബോട്ട് യാത്രയ്ക്കൊപ്പം

ഇടത്തോടുകളിൽ ചെറുവള്ളത്തിൽ സവാരി

കുട ചൂടി പാടവരമ്പുകളിൽ നടക്കാം

 ആയുർവേദ ചികിത്സ, തിരുമ്മൽ സൗകര്യം

 നാടൻ സദ്യ

കുട്ടനാടിന് സൗന്ദര്യം കൂടുതൽ മഴക്കാലത്താണ്. ഇത്രയും പച്ചപ്പ് മറ്റ് സമയങ്ങളിൽ പ്രകടമാവില്ല. കൂടുതൽ പേർ മൺസൂൺ കാലം ലക്ഷ്യമിട്ട് യാത്രയ്ക്കെത്തുന്നുണ്ട്

- രാഹുൽ രമേഷ്, റോയൽ റിവർ ക്രൂയിസ്

വരുംനാളുകളിൽ പുത്തൻ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം

- ലിജോ എബ്രഹാം, ഡി.ടി.പി.സി സെക്രട്ടറി