 
ആലപ്പുഴ : ആലപ്പുഴ ബീച്ചിന് സമീപം നഗരസഭയുടെ വനിതാ കേന്ദ്രം വരുന്നു. വിജയ് പാർക്കിന് സമീപം വർഷങ്ങളോളം ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. കോഫി ഹൗസ് നിർത്തിയതോടെ എട്ട് വർഷമായി കെട്ടിടം പൂട്ടിക്കിടക്കുകയാണ്. പ്രധാന ഹാളിനും അടുക്കളയ്ക്കും പുറമേ, നിരവധി ഹട്ടുകളുമുള്ളതാണ് കെട്ടിടം.
ഭക്ഷണശാലയ്ക്ക് പൂട്ടുവീണതോടെ ഇഴജന്തുക്കളുടെ താവളമാണ് ഇവിടം. കെട്ടിടവളപ്പിലെ അടച്ചുറപ്പില്ലാത്ത ശൗചാലയം റിക്രിയേഷൻ ഗ്രൗണ്ടിൽ വാഹന പരിശീലനത്തിനത്തുന്നവർ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇവിടെ ഇഴജന്തുക്കളെ കണ്ട് ഭയപ്പെട്ടിട്ടുള്ളതായി ഇവർ പറയുന്നു. രാത്രികാലങ്ങളിൽ ഹട്ടുകൾ കേന്ദ്രീകരിച്ച് മദ്യപ സംഘങ്ങൾ തമ്പടിക്കുന്നതും പതിവാണ്. വനിതകൾക്ക് താമസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള പുതിയ കേന്ദ്രം വരുന്നതോടെ പ്രദേശത്തിന് പുത്തൻ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താമസിക്കാം, പരിശീലിക്കാം
സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം, അത്യാവശ്യ സാഹചര്യങ്ങളിൽ താമസ സൗകര്യം എന്നീ ലക്ഷ്യങ്ങളോടെയാണ് വനിതാ ഇൻക്വിബേഷൻ സെന്റർ എന്ന ആശയം നഗരസഭ നടപ്പാക്കുന്നത്. തീരദേശപരിപാലന നിയമം ആദ്യം വെല്ലുവിളി സൃഷ്ടിച്ചെങ്കിലും, പിന്നീട് തടസം മറികടന്നു. അഞ്ച് നിലകളിൽ പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിന് പ്ലാനിൽ ഒരു നില കുറച്ചതോടെയാണ് അനുമതി ലഭിച്ചത്. പഴയ കെട്ടിടം പൂർണമായി പൊളിച്ച് പുതിയത് പണിയണം. ഒന്നരക്കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാകാനുണ്ട്.
പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്
1.5 കോടി രൂപ
.......................................
വനിതകൾക്കുള്ള കേന്ദ്രത്തിന്റെ ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും. നാല് നിലകളിലായി താമസവും തൊഴിൽ പരിശീലനവുമടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുക
- പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ