
ചെന്നിത്തല: ഈ സംഭരണ ശാലയിൽ ധാന്യങ്ങൾ മാത്രമല്ല സംഭരിച്ചുസൂക്ഷിക്കുന്നത്. പലവിധ രോഗങ്ങളും ഇവിടെ അടിഞ്ഞുകൂടിയിട്ടുണ്ട്. ചെന്നിത്തല-ത്യപ്പെരുന്തുറ പഞ്ചായത്ത് 11-ാം വാർഡ് കാരാഴ്മയിൽ സ്ഥിതി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമായ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഗോഡൗണിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ശുചിത്വമില്ലായ്മയും പരിസര മലിനീകരണവും പരിസരവാസികൾക്കും യാത്രക്കാർക്കും തൊഴിലാളികൾക്കും എറെ ബുദ്ധിമുട്ടും കടുത്ത ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കയറ്റിയിറക്കുമ്പോൾ താഴെ വീഴുന്ന അരിയും ഗോതമ്പും ആട്ടയും മറ്റും കിടന്ന് വൃത്തിഹീനമായി ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ്. പഴുവരിച്ച വെള്ളത്തിൽ ഇറങ്ങി ജോലി ചെയ്യേണ്ടി വരുന്നതിനാൽ തൊഴിലാളികൾക്ക് കടുത്ത പനിയും കാലിൽ ചൊറിച്ചിലും പതിവാണ്. മഴപെയ്തു തുടങ്ങിയാൽ ദുരിതം ഇരട്ടിയാകും.
മാവേലിക്കര താലുക്കിലെ റേഷൻകടകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ അരി,ഗോതമ്പ്,പഞ്ചസാര,ആട്ട മുതലായവയാണ് ഇവിടെ സംഭരിക്കുന്നത്. 2000 മെട്രിക്ടൺ സംഭരണശേഷിയുള്ള നിലവിലെ ഗോഡൗണിന് പുറമെ നബാർഡ് മുഖേന1435 മെട്രിക് ടൺ സംഭരണ ശേഷിയുള്ള പുതിയ ഗോഡൗണിന്റെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുകയാണ്. വെയർഹൗസിംഗ് കോർപ്പറേഷൻ മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ, സപ്ലൈകോയുടെ ആറ് ജീവനക്കാർ, കൂടാതെ 47 കയറ്റിറക്ക് തൊഴിലാളികളും സ്ഥിരമായി ജോലിചെയ്യുന്ന സ്ഥാപനത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് മലിനീകരണത്തിന് കാരണമാകുന്നത്. ഇത്രയും ആളുകൾക്ക് ഒരു ടോയ്ലറ്റ് മാത്രമാണുള്ളത്. കുടിവെള്ളത്തിനോ ആഹാരം കഴിക്കാനോ വാഹനം സൂക്ഷിക്കാനോ തൊഴിലാളികൾക്ക് വിശ്രമിക്കാനോ യാതൊരുവിധ സൗകര്യങ്ങളും നിലവിലില്ല. തൊഴിലാളികൾ പണംകൊടുത്ത് വാങ്ങിയ കസേര മരത്തിന്ചുവട്ടിലിട്ടാണ് പലരും വിശ്രമിക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവർഷമായി ഇവിടെ മലിനീകരണപ്രശ്നം നിലനിൽക്കുന്നു. ഗോഡൗണിനുള്ളിൽ വീഴുന്നതും ഒഴുകിവരുന്നതുമായ വെള്ളം ഒഴുക്കിവിടാൻ കൃത്യമായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കുവാൻ കാരണമാകുന്നത്. നിരവധി പരാതികൾ നൽകിയിട്ടും വേണ്ട നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
.................................
പരിസരവാസികളുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്ന് വാർഡ് മെമ്പർ എന്ന നിലയിൽ മുമ്പ് നിരവധി തവണ പരാതിപ്പെടുകയും ഉദ്യോഗസ്ഥതലത്തിൽ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ നാളിതുവരെയായിട്ടും പരിഹാരം ഉണ്ടായിട്ടില്ല. പഴയതിലും അവസ്ഥ മോശമായ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും.
ഗോപൻ ചെന്നിത്തല, വാർഡ് മെമ്പർ, അപ്പർകുട്ടനാട് കാർഷിക വികസനസമിതി ചെയർമാൻ
ജോലിചെയ്യാന്‍ സാധിക്കാത്ത വൃത്തിഹീനമായ സാഹചര്യമാണ് നിലവിലുള്ളത്. കുടിവെള്ളത്തിനോ ആഹാരം കഴിക്കാനോ, വിശ്രമിക്കാനോ യാതൊരുവിധ സൗകര്യങ്ങളും നിലവിലില്ല. തൊഴിലാളികളുടെ അടിസ്ഥാന സൗകര്യത്തിനായി നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരുനടപടിയും ഉണ്ടായിട്ടില്ല.
ദിനേശ്, തൊഴിലാളി പ്രതിനിധി