പൂച്ചാക്കൽ: കാലം ചെല്ലുന്തോറും ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്കും സന്ദേശങ്ങൾക്കും പ്രസക്തിയേറുകയാണെന്ന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. പാണാവള്ളി ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്ര പ്രതിഷ്ഠയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ കലഹം ഉണ്ടാക്കുന്നവർ ഗുരുവിന്റെ കൃതികൾ പഠിക്കണം. വിദേശികൾ ഇപ്പോൾ മലയാള ഭാഷ പഠിച്ച് ഗുരുദേവന്റെ ആത്മോപദേശശതകം പോലുള്ള കൃതികൾ ആദരവോടെ പഠിക്കുകയാണ്. അജ്ഞതയാണ് അക്രമികളെ സൃഷ്ടിക്കുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ബ്രഹ്മകലശ അഭിഷേകം ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിയിരുന്നു. രാവിലെ ഗുരുപൂജ, ഗണപതി ഹോമം, അധിവാസം വിടർത്തൽ, പരികലശാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ വൈദിക ചടങ്ങുകൾക്ക് സത്യപാലൻ തന്ത്രി, ഗോപി ശാന്തി, ഷിബു ശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ എസ്.രാജേഷ്, എ.സൈജു, അശോക് സെൻ, ആർ.രഞ്ജിത്ത്, സാലി ശാന്തി, ജി.പ്രസന്നൻ, ബിനീഷ് എന്നിവർ നേതൃത്വം നൽകി