മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌ 13നു നടക്കും. സി.പി.എമ്മും ബി.ജെ.പിയും മാറിമാറി പ്രസിഡന്റായ ചെന്നിത്തലയിൽ കഴിഞ്ഞ 20 ന് ബിജെപിയിലെ ബിന്ദു പ്രദീപിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ് പിന്തുണയിൽ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമേ ഈ വിഭാഗത്തിൽ നിന്ന് പ്രതിനിധികളുള്ളൂ. ആദ്യതവണ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാൽ കോൺഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാർട്ടി നേതൃത്വം കർശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവച്ചു. കോൺഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ വീണ്ടും രാജിവച്ചു. തുടർന്ന് രണ്ട് തവണയും നിഷ്പക്ഷനിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് വിമതൻ ദീപു പടകത്തിൽ മൂന്നാമത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരുവോട്ട് അസാധുവാകുകയും കോൺഗ്രസ് വിട്ടുനിൽക്കുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു. പിന്നീട് ദീപു പടകത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേരുകയും എൽ.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തതോടെ മൂന്ന് മുന്നണികളും 6 അംഗങ്ങൾ വീതമുള്ള തുല്യശക്തികളായി മാറി. സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനും ബി.ജെ.പി.യിലെ ബിന്ദു പ്രദീപും വീണ്ടും മത്സരിക്കും