
ചേർത്തല: നഗര ഹൃദയത്തിലെ സെന്റ് മേരീസ് പാലം നവീന മാതൃകയിൽ ഒരുങ്ങുന്നു. പാലം പുതുക്കിപ്പണിയണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 6.33 കോടി രൂപ അടങ്കലോടെയുള്ള നിർമ്മാണം ഇന്ന് തുടങ്ങും. മന്ത്റി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എ.എസ് കനാലിന് കുറുകെ ചേർത്തല സ്വകാര്യബസ് സ്റ്റാൻഡിന് തെക്ക് അരനൂറ്റാണ്ടോളം മുമ്പ് നിർമ്മിച്ച പാലമാണിത്. യാത്രാ പ്രാധാന്യം ഏറെയുള്ള പാലത്തിന്റെ വീതിക്കുറവും നടപ്പാതയില്ലാത്തതും വലിയ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.
താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, അഗ്നിരക്ഷാനിലയം, ഗവ. ബോയ്സ് എച്ച്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്, സ്വകാര്യബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ പാലത്തിലൂടെയാണ്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം രണ്ട് വർഷംമുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ കോടികൾ ചിലവഴിച്ച് പുനർ നിർമ്മിച്ചിരുന്നു. അപ്പോഴും സെന്റ് മേരീസ് പാലം വീതികൂട്ടി പുനർനിർമിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. വടക്ക് പ്രദേശങ്ങളിൽ നിന്നുള്ള സ്വകാര്യബസുകൾ സ്റ്റാൻഡിലേക്ക് എത്തുന്ന പാലമാണിത്. ബസ് എത്തിയാൽ മറ്റ് വാഹനങ്ങൾക്ക് പാലത്തിൽ കടക്കാനാകില്ല. കാൽനടയാത്രയും വളരെ ദുഷ്കരവും അപകട സാദ്ധ്യതയേറിയതുമാണ്. ഉദ്ഘാടന യോഗത്തിൽ മന്ത്റി പി.പ്രസാദ് അദ്ധ്യക്ഷനാകും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. പൊതുമരാമത്ത് വകുപ്പ്(ബ്രിഡ്ജസ് വിഭാഗം) ചീഫ് എൻജിനിയർ എം.അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
........
# നവീകരണം
24 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം. 10 മീറ്റർ വീതിയിൽ വാഹനസഞ്ചാരത്തിന് പാതയൊരുങ്ങും. ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ സുരക്ഷിത നടപ്പാതയുണ്ടാകും. ഇങ്ങനെ 14 മീറ്ററാണ് പാലത്തിന് ആകെ വീതി. ഇരുകരകളിലെയും ആറ് റോഡുകൾ 100 മീറ്റർ നീളത്തിൽ വികസിപ്പിക്കും. റോഡുകളുടെ വശങ്ങളിൽ സുരക്ഷാവേലി ഒരുക്കും. കനാലിലെ നീരൊഴുക്ക് സുഗമമാക്കുന്ന തരത്തിലും പാലത്തിലൂടെ റോഡുകളിലേക്ക് സുരക്ഷിതമായി തിരിയുന്നതിന് സൗകര്യത്തോടെയുമാണ് രൂപകൽപ്പന. 10 മാസമാണ് നിർമ്മാണ കാലാവധി.