
ആലപ്പുഴ: ജില്ലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ലോകപരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷതൈനടീൽ, ബോധവത്കരണ ക്ളാസുകൾ, സമ്മേളനങ്ങൾ, റാലികൾ, ശുചകകരണ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജില്ലാ സെക്രട്ടറി എം.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പ്രഭ ശശികുമാർ, കെ.പി.പ്രതാപൻ, നസീർ പുന്നക്കൽ, ശ്രീലേഖ, കെ.നാസർ, കെ.ശിവകുമാർ ജഗു, സ്റ്റാഫ് സെക്രട്ടറി ജമീല തുടങ്ങിയവർ പങ്കെടുത്തു. പുന്നപ്ര പറവൂർ തിരുക്കുടുംബ ദേവാലയ പരിസരത്ത് മാവിൻ തൈ നട്ട് ഫാ. ബിജോയ് അറക്കൽ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക മാതൃപിതൃവേദി യൂണിറ്റിൽ പരിസ്ഥിതി ദിനാഘോഷം പുന്നപ്ര പറവൂർ തിരുക്കുടുംബ ദേവാലയ പരിസരത്ത് ഫലവൃക്ഷം നട്ട് ഫാ.ബിജോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യു. പിതൃ വേദി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പിടി.കുരുവിള പുത്തൻപുരക്കൽ , ബ്രദർ നവീൻ,സി.വി.കുര്യാളച്ചൻ ചൂളപ്പറമ്പിൽ , ബിജു മാത്യു പുത്തൻപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) ജില്ലാ കമ്മിറ്റി നടത്തിയ ലോക പരിസ്ഥിതി ദിനാഘോഷം ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കേന്ദ്രത്തിലും എല്ലാ താലൂക്കിലും ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് സംഘടിപ്പിച്ചായിരുന്നു പരിപാടി. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ഡോ. രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.എ.മധു കാവുങ്കൽ സ്വാഗതം പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പും വനം വകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവൽക്കരണ പദ്ധതിയായ വൃക്ഷ സമൃദ്ധിയുടെ ജില്ലാ തല ഉദ്ഘാടനം വെൺമണി മാർത്തോമാ പാരിഷ് ഹാളിൽ ജില്ല പഞ്ചായത്ത് അംഗം മഞ്ജുള ദേവി നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്‌സറികളിൽ ഉത്പാദിപ്പിച്ച ആറ് ലക്ഷം വൃക്ഷത്തൈകളാണ് ജില്ലയിൽ ഇന്നലെ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻപി.വർഗീസ് അധ്യക്ഷത വഹിച്ചു. തൈവിതരണ ഉദ്ഘാടനം വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ നിർവഹിച്ചു. ഡി.എഫ്.ഒ. കെ.സജി പദ്ധതി വിശദീകരണം നടത്തി.