mohanan
മോഹനൻ

മാന്നാർ: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ ലോട്ടറി വിൽപ്പനക്കാരൻ മരണമടഞ്ഞു. മാന്നാർ കുട്ടമ്പേരൂർ മൂന്നുപുരയ്ക്കൽ താഴ്ചയിൽ വീട്ടിൽ മോഹനൻ (64) ആണ് മരിച്ചത്. ലോട്ടറി ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ശേഷം സ്റ്റോർമുക്കിൽ നിന്നും സൈക്കിളിൽ സഞ്ചരിക്കവേ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.45ഓടെയാണ് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫിസ് കവലയിൽ വച്ച് എതിരെ വന്ന വാഹനമിടിച്ചിട്ട ശേഷം നിർത്താതെ കടന്നുപോയത്. കുറേനേരം റോഡിൽ കിടന്നതിനു ശേഷം നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ച മോഹനന് പരിശോധനയിൽ കാര്യമായ കുഴപ്പമില്ലെന്ന് അറിയിച്ച് വിട്ടയക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

വീട്ടിലെത്തിയ ശേഷം ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹം ശനിയാഴ്ച രാത്രി 7.30നു വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മാന്നാർ പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള നടപടികളാരംഭിച്ചു. ഭാര്യ: കുരട്ടിക്കാട് കൊട്ടാരത്തിൽ കുടുംബാംഗം മണി. മക്കൾ: മഹേഷ്, മനേഷ്, പരേതനായ മുകേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.