hej
കയർമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ കയർ തൊഴിലാളി യൂണിയൻ ഐ എൻ ടി സി യുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിന്റെയും ധർണയുടെയും സംസ്ഥാനതല ഉദ്ഘാടനം രമേശ്‌ ചെന്നിത്തല നിർവ്വഹിക്കുന്നു

ഹരിപ്പാട്: മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ ദൈന്യതയും പ്രതിസന്ധിയും നേരിടുന്നത് കയർ മേഖലയാണെന്ന് രമേശ് ചെന്നിത്തല എം എൽ എ പറഞ്ഞു. സർക്കാർ അവഗണനയ്ക്കെതിരെ കയർ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിന്റെയും ധർണയുടെയും സംസ്ഥാനതല ഉദ്ഘാടനം കാർത്തികപ്പള്ളി പുളിക്കീഴിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കയർ പിരിക്കുന്ന തൊഴിലാളികളുടെ കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നൽകുന്നില്ല. മറ്റെല്ലാ മേഖലകളും കൂലി കൂട്ടുന്നുണ്ട്. എന്നാൽ പരമ്പരാഗത കയർ തൊഴിലാളികൾക്ക് ശമ്പളം കൂട്ടുന്നതിന് സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ സഹായ പദ്ധതികൾ ഒന്നും തന്നെ കയർ തൊഴിലാളി മേഖലയ്ക്ക് ലഭിക്കുന്നില്ല. ക്ഷേമനിധി ആനുകൂല്യങ്ങൾ ഇപ്പോഴും പഴയ നിലയിലാണന്നും അദ്ദേഹം പറഞ്ഞു. കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു മുഖ്യപ്രഭാഷണം നടത്തി. കായംകുളം പ്രോജക്ട് കമ്മിറ്റി പ്രസിഡന്റ് പി.ആർ ശശിധരൻ, എസ്.രാജേന്ദ്രൻ, എസ്.വിനോദ് കുമാർ, ഡി.കാശിനാഥൻ, അഡ്വ. വി.ഷുക്കൂർ, എസ്.രാജേന്ദ്രക്കുറുപ്പ്,ആർ.ഭദ്രൻ, പി ജി.ശാന്തകുമാർ, ആർ.നന്മജൻ തുടങ്ങിയവർ സംസാരിച്ചു.