photo

ചേർത്തല: പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വേറിട്ട ആദരവൊരുക്കി പൊക്ലാശ്ശേരി ഗവ.എൽ.പി സ്കൂൾ. നൂ​റ്റി പതിനൊന്ന് വയസ് പൂർത്തിയായ സ്കൂളിലെ ചെമ്പകമരത്തെ 101 വയസുള്ള മുത്തശിയെ കൊണ്ട് ആദരിപ്പിച്ചാണ് വേറിട്ട കാഴ്ചയൊരുക്കിയത്.

1911 ൽ സ്ഥാപിതമായ സ്കൂളിൽ അതേ കാലയളവിൽ തന്നെയാണ് ചെമ്പകമരവും നട്ടത്. സ്കൂൾ അധികൃതരുടെയും പി.ടി.എയുടെ സംയുക്ത തീരുമാനത്തിലാണ് പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത ചടങ്ങ് സംഘടിപ്പിക്കാമെന്നുള്ള ആശയം ഉദിച്ചത്.ഇതിനായി സ്‌കൂളിന് സമീപത്തെ പൊക്ലാശ്ശേരി മഠം വീട്ടിലെ നൂ​റ്റി ഒന്ന് വയസുളള ഭാർഗവിയമ്മയെ തിരഞ്ഞെടുക്കുകയായിരുന്നു.ഈ വിവരം വീട്ടിലെത്തി മുത്തശിയെ അറിയിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് സമ്മതം അറിയിച്ചത്. കുട്ടിക്കാലത്ത് ഈ ചെമ്പകം പൂവിട്ട് നിൽക്കുന്നത് ഓർമ്മയിലുണ്ടെന്ന് ഭാർഗവിയമ്മ പറഞ്ഞു. കടലാസ് തോരണങ്ങൾ അലങ്കരിച്ച ചെമ്പക മുത്തശിയെ പൂമാല അണിയിച്ചാണ് ആദരിച്ചത്. താൻ പഠിക്കുന്ന കാലത്ത് പാടിയിരുന്ന പാട്ടുകളും കുട്ടികളുമായി മുത്തശി പങ്കുവെച്ചു. അദ്ധ്യാപകരും കുട്ടികളും ചേർന്ന് മുത്തശിയെ വീട്ടിലെത്തിച്ച് വൃക്ഷത്തൈകളും നട്ടശേഷമാണ് മടങ്ങിയത്. ചെമ്പക മുത്തശിക്ക് ഒരു മുത്തശി തന്നെ ആദരവ് നൽകിയത് ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന നല്ല നിമിഷമാണെന്ന് സ്‌കൂൾ പ്രഥമാദ്ധ്യാപിക അജിതടീച്ചർ പറഞ്ഞു. എസ്.എം.സി ചെയർമാൻ വി.കെ.കലേഷ് ചടങ്ങിൽ അദ്ധ്യക്ഷനായി.