
ഹരിപ്പാട്: പള്ളിപ്പാട് ശബരി വധക്കേസിൽ സഹോദരങ്ങളായ രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. പള്ളിപ്പാട് കോട്ടയ്ക്കകം മുറി വലിയ മണക്കാട്ട് കാവിൽ അഖിൽ( 23), അരുൺ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഏഴും,എട്ടും പ്രതികളാണ് ഇവർ. അഞ്ചാംപ്രതി ബിനീഷ് ബാലകൃഷ്ണനാണ് ഇനി പിടിയിലാകാനുള്ളത്.
മുട്ടം കാണിച്ചനെല്ലൂർ കരിക്കാട് ബാലചന്ദ്രൻ -സുപ്രഭ ദമ്പതികളുടെ മകൻ ശബരി (28) മാർച്ച് 17നാണ് പള്ളിപ്പാട് നീറ്റൊഴുക്കിന് സമീപം വെച്ച് മർദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പ്രതികൾ പൊലീസ് പിടിയിലായി. ഒളിവിൽപ്പോയ അരുണിനെയും അഖിലിനെയും വണ്ടാനത്തെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവർ ഇതിനു മുൻപ് തമിഴ്നാട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതികളുടെ മാതാവ് കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഇവരുടെ സംരക്ഷണയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതികൾക്കായി പൊലീസിന്റെ അന്വേഷണ സംഘം മൂന്ന് ദിവസത്തോളമാണ് തമിഴ്നാട് മേഖലയിൽ തിരച്ചിൽ നടത്തിയത്. പൊലീസ് കോയമ്പത്തൂരിൽ എത്തിയപ്പോൾ ഇവർ ഇവിടെ നിന്നും കടന്നിരുന്നു. പിന്നീട് മധുര, തിരുനെൽവേലി എന്നിവിടങ്ങളിലും അന്വേഷണം നടത്തിയപ്പോഴാണ് ഇവർ കേരളത്തിലേക്ക് കടന്നതായി വിവരം പൊലീസിന് ലഭിക്കുന്നത്. മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവർക്ക് എതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്.എച്ച്. ഒ ഫറാഷ്, സി.ഐ.ബിജു വി.നായർ, എസ്.സി.പി.ഒ അജയൻ സി.പി.ഒ മാരായ നിഷാദ്, പ്രേംകുമാർ ,നിസാം, സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.