അമ്പലപ്പുഴ: കാക്കാഴം മേൽപ്പാലത്തിൽ രൂപപ്പെട്ട അപകടകരമായ കുഴിയടച്ചു. പൊതുമരാമത്ത് ദേശീയ പാത വിഭാഗം അസി.എൻജി​നീയർ അനിൽ, ഓവർസിയർ എൻ.സിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറ്റകുറ്റപ്പണി നടത്തി കുഴി അടച്ചത്.

പാലത്തിന്റെ കിഴക്കേ നടപ്പാതക്കു സമീപം രണ്ടാഴ്ച മുമ്പ് രൂപപ്പെട്ട കുഴിയിൽ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പടെ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമായിരുന്നു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി യാത്ര സുഗമാക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എച്ച് സലാം എം.എൽ.എ കളക്ടർക്കും ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജി​നീയർക്കും കത്ത് നൽകിയിരുന്നു.

പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിട്ടി​ ഒഫ് ഇന്ത്യ ദേശീയപാത ഏറ്റെടുത്തതി​നാൽ പാതയിൽ അടിയന്തര അറ്റകുറ്റപ്പണികൾ പോലും നടത്താൻ പൊതുമരാമത്ത് വിഭാഗത്തിന് കഴിയാത്ത സ്ഥിതിയാണുള്ളത്. എന്നാൽ, കുഴി​യുണ്ടാകുമ്പോൾ പഴി​ കേൾക്കുന്നത് പൊതുമരാമത്ത് വകുപ്പുമാണ്.