
ചേർത്തല: യുവാവിനെ പെൺകെണിയിൽ കുടുക്കിയ ഭാര്യയേയും,ഭർത്താവിനേയും മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ ദേവസ്വം വെളി വീട്ടിൽ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി (28)എന്നിവരെയാണ് തൊടുപുഴ സ്വദേശിയും പ്രവാസിയുമായ യുവാവിനെ പെൺകെണിയിൽ കുടുക്കിയതിന് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ സേതുലക്ഷ്മി സുനീഷിന്റെ ഒത്താശയോടെ കണിച്ചുകുളങ്ങരയിലെ വാടക വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. കിടപ്പു മുറിയിൽ കയറ്റിയ ശേഷം സേതുലക്ഷ്മിയുമായുളള ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ട് യുവാവിനെ ഭീഷണിപ്പെടുത്തി എ.ടി.എം കാർഡ്, ആധാർകാർഡ്,ഡ്രൈവിംഗ് ലൈസൻസ് എന്നിവ സുനീഷ് പിടിച്ചുവാങ്ങി. തുടർന്ന് എ.ടി.എം കാർഡിന്റെ രഹസ്യ നമ്പർ വാങ്ങി അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം എടുത്തു. പിന്നീടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവാവ് മാരാരിക്കുളം പൊലീസിൽ പരാതി നൽകിയത്. സി.ഐ എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികൾ മുമ്പും ഇതുപോലെ മറ്റ് പലരേയും വലയിൽ കുടുക്കിയിട്ടുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്.