
ആലപ്പുഴ: ലോക സമുദ്രദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) സംഘടിപ്പിച്ചിട്ടുള്ള പരിപാടികളുടെ ഭാഗമായി കുഫോസ് വിദ്യാർത്ഥികൾ ആലപ്പുഴ, മാരാരിക്കുളം ബീച്ച് വൃത്തിയാക്കി. കുഫോസിലെ എം.എസ്.സി മറൈൻ ബയോളജി വിദ്യാർത്ഥികളാണ് ബീച്ച് വൃത്തിയാക്കലിന് നേതൃത്വം നൽകിയത്. മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം ജെസി ജോസി ബീച്ച് ക്ലീനിംഗ് ഉദ്ഘാടനം ചെയ്തു. കുഫോസിലെ അദ്ധ്യാപകരായ ഡോ. കെ.ജി.നെവിൻ, ഡോ. വി.പി. ലിംനാ മോൾ എന്നിവർ നേതൃത്വം നൽകി. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിച്ച് ചേർത്തല അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്‌ടെൻഷൻ ഓഫിസർ ലീന ഡെന്നിസ് പരിപാടിയിൽ പങ്കെടുത്തു.