അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയുടെ എഴുപത്തിയാറാം സ്ഥാപക വർഷമായ ഇന്ന് വൈകിട്ട് 6.30 അക്ഷരാർച്ചനയും, അക്ഷരദീപം തെളിയിക്കലും നടക്കും .1947 ജൂൺ എട്ടിന് പറവൂർ ശ്രീഭഗവതി ക്ഷേത്ര മൈതാനിയിൽ കൂടിയിരുന്ന ചെറുപ്പക്കാരുടെ ആലോചനയിൽ നിന്നുണ്ടായതാണ് നാടിന് അക്ഷരവെളിച്ചം പകർന്നു തല ഉയർത്തി നിൽക്കുന്ന ഗ്രന്ഥാലയം. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇവിടെ 40,000 ത്തിൽ അധികം പുസ്തകങ്ങളും രണ്ടായിരത്തോളം അംഗങ്ങളും ഉണ്ട്. ദേശീയപാത വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി പറവൂർ ജംഗ്ഷന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ്. മുൻ മന്ത്രി ജി സുധാകരൻ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിലാണ് ലൈബ്രറി ഇനി പ്രവർത്തിക്കുന്നത്. സ്ഥാപക ദിനാചരണത്തിൽ നടക്കുന്ന അക്ഷരാർച്ചനയിൽ ലൈബ്രറിയിലെ ഏറ്റവും മുതിർന്ന അംഗം മേപ്പള്ളി എം.എൻ.കൃഷ്ണൻകുട്ടിനായരും മറ്റ് മുതിർന്ന പ്രവർത്തകരും ഭരണസമിതി അംഗങ്ങളും ചേർന്ന് അക്ഷര ദീപം തെളിക്കുകയും പഴയ കാല അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും.