
ചാരുംമൂട് : ചാരുമൂട്ടിൽ ആരോഗ്യ ഭീഷണി ഉയർത്തി മാലിന്യക്കൂമ്പാരം. ചാരുംമൂട്ടിൽ രണ്ടുവർഷം മുമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ജംഗ്ഷനിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മാലിന്യ ബിന്നുകളാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. ബിൻ സ്ഥാപിച്ച പ്രദേശങ്ങളെല്ലാം വലിയ മാലിന്യക്കൂമ്പാരമായി മാറി. തീർത്തും പരാജയപ്പെട്ട ഈ പദ്ധതിക്കെതിരെ നിരവധി സമരങ്ങളും ഉണ്ടായെങ്കിലും ബിൻ മാറ്റുവാനോ മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുവാനോ ബ്ലോക്ക് പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നാ്ടുകാരുടെ ആക്ഷേപം . ജംഗ്ഷനിൽ കിഴക്കും തെക്കുo സ്ഥാപിച്ചിരിക്കുന്ന ബിന്നുകളാണ് വലിയ പാരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചാരുംമൂട് പോസ്റ്റോഫീസിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബിന്നിന് സമീപമാണ് ഏറ്റവും കൂടുതൽ മാലിന്യനിക്ഷേപമുള്ളത്. നൂറുകണക്കിന് ചാക്കുകളാണ് ദിനം പ്രതി പ്രത്യക്ഷപ്പെടുന്നത്. ഇറച്ചി മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം സൃഷ്ടിക്കുന്ന അഴുക്കും ദുർഗന്ധവും കാരണം കാൽനടയാത്രക്കാർക്ക് പോലും മൂക്കുപൊത്താതെ പോകുവാൻ കഴിയാത്ത അവസ്ഥയാണ്. പൊതു ചന്തയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള ഈ ഭാഗത്തെ മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കാലവർഷം കനക്കുന്നതോടെ പകർച്ചവ്യാധികൾ പിടിപെടാനും സാധ്യതയുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ ചാരുംമൂട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ലെന്ന പരാതിയിലാണ് നാട്ടുകാർ.
..........
# പാളിപ്പോയ പദ്ധതി
ചാരുംമൂട് ജംഗ്ഷനിൽ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതി അജൈവ മാലിന്യ ശേഖരണ പദ്ധതി രൂപീകരിച്ചത്. അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണ് ബിന്നിൽ നിക്ഷേപിക്കേണ്ടത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ബിന്നിൽ വ്യക്തമായി എഴുതി വച്ചിട്ടുമുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ അവഗണിച്ച് ചിലർ ഭക്ഷണ അവശിഷ്ടങ്ങൾ, മാസാവശിഷ്ടങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് കവറുകളിലാക്കി ബിന്നുകൾക്കു ചുറ്റും നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമുയർന്നപ്പോൾ ബിന്നുകൾക്ക് സമീപം കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും അതും പാളി. തുടർന്ന് കഴിഞ്ഞവർഷം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ബിന്നുകൾ എല്ലാം പ്ലാസ്റ്റിക് ചാക്കിട്ടു മൂടി കെട്ടി. ബിന്നുകൾ മൂടിക്കെട്ടിയെങ്കിലും നിലവിൽ അതിനു മുൻപിലാണ് മാലിന്യനിക്ഷേപം .
-----------------------------------
ബിന്നുകൾ ഇവിടെനിന്നും മാറ്റാതെ മാലിന്യ നിക്ഷേപത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ല. നിരവധി പരാതിയും പ്രതിഷേധങ്ങളും ഉണ്ടായിട്ടും ബ്ലോക്ക് പഞ്ചായത്തിന്റെ നിഷേധാത്മക സമീപനമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അടിയന്തരമായി ജംഗ്ഷനിൽ അശാസ്ത്രീയമായി സ്ഥാപിച്ച ബിന്നുകൾ നീക്കം ചെയ്യണം.
കെ.സഞ്ചു,
മുൻ ബ്ലോക്ക് പഞ്ചായത്തംഗം