ആലപ്പുഴ : നഗരസഭ മുൻ ഭരണസമിതിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ടായിട്ടുള്ള പരാമർശങ്ങളും, ശുപാർശകളും ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൗൺസിൽ യോഗം ചേർന്നു.
ആഭ്യന്തര നിയന്ത്രണം കാര്യക്ഷമമാക്കുവാനും, ലൈബ്രറി സെസ്സുകൾ യഥാസമയം ലൈബ്രറി കൗൺസിലിൽ അടക്കുന്നതിനും,നഗരസഭയുടെ തനതു വരുമാന സ്രോതസ് വിപുലപ്പെടുത്തുന്നതിനും, തൊഴിൽ നികുതി രജിസ്റ്റർ കാലികമാക്കുവാനും, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനുള്ള ഓഡിറ്റ് ശുപാർശ അംഗീകരിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ഷാനവാസ്, ബീനരമേശ്, കെ.ബാബു, ബിന്ദുതോമസ്, ആർ.വിനിത, കക്ഷിനേതാക്കളായ എം.ആർ പ്രേം, റീഗോരാജു, ടി.പി മധു, സതീദേവി, നസീർ പുന്നക്കൽ, ഹരികൃഷ്ണൻ, കൗൺസിലർമാരായ കെ.കെ ജയമ്മ, എൽജിൻ റിച്ചാഡ്, സി.അരവിന്ദാക്ഷൻ, ഇല്ലിക്കൽ കുഞ്ഞുമോൻ, ബി. നസീർ, മെഹബൂബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അംഗീകരിക്കപ്പെട്ട നിർദ്ദേശങ്ങൾ
ഒറ്റത്തവണ നികുതി ഒടുക്കിവരുത്തിയതിനുശേഷം മാത്രമേ നഗരസഭ കെട്ടിട നമ്പർ അനുവദിക്കു
സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹ സഹായം കാലതാമസം നേരിട്ടത്, ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ വാഹന പരിപാലനഷെഡ് നിർമ്മാണം തുടങ്ങിയ വീഴ്ചകൾ ആവർത്തിക്കരുത്
നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൃഗാശുപത്രി കൈമാറി കിട്ടുന്നതിനും, ഫണ്ട് വിനിയോഗിച്ചതിന് സാധൂകരണം വാങ്ങുന്നതിനും ഓഡിറ്റ് ശുപാർശ ചെയ്തു
പട്ടികജാതിവിഭാഗങ്ങൾക്ക് വീടുപണി പൂർത്തിയാകാതെ ഫണ്ട് ഗഡുക്കൾ അനർഹമായി നൽകിയത് നിർവ്വഹണ ഉദ്യോഗസ്ഥന്റെ ബാദ്ധ്യതയായി കണക്കാക്കും
സംയുക്ത പരിശോധന നടത്തി പ്രവർത്തനക്ഷമമായ ടാപ്പുകളുടെ എണ്ണമെടുക്കും
സ്‌കൂളുകളിലെ പ്രഭാത ഭക്ഷണത്തിന്റെ വൗച്ചറുകൾ ഹാജരാക്കാത്തതിൽ അന്വേഷണത്തിന് ഭരണവകുപ്പിനോട് ശുപാർശചെയ്തു
അങ്കണവാടികളിൽ ലഭ്യമാക്കുന്ന പോഷകാഹാരത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ശിശുവികസന ഓഫീസറെ ചുമതലപ്പെടുത്തും
ചെക്ക്, ഡി.ഡി എന്നിവയുടെ രജിസ്റ്റർ സൂക്ഷിക്കും, ഓൺലൈൻ പേമെൻറ് സംവിധാനം ഫലപ്രദമായി പരിശോധിക്കും