
ചേർത്തല:സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒരു കോടിയുടെ ഭാഗ്യം കടക്കരപ്പള്ളി സ്വദേശിയായ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിക്ക്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്ടി ഫിഫ്ടി ലോട്ടറിയിലൂടെയാണ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻതറ നിവർത്തിൽ രാജേന്ദ്രനെ ഭാഗ്യം തുണച്ചത്. കോനാട്ടുശേരിയിലെ ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിയാണ് 52 കാരനായ രാജേന്ദ്രൻ.
ഞായറാഴ്ച കിഴക്കേ കൊട്ടാരം സ്‌കൂളിന് സമീപത്തുനിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആറ് വർഷം മുമ്പ് രണ്ടാം സമ്മാനമായി 15 ലക്ഷം രൂപയും രാജേന്ദ്രന് ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മിയാണ് ഭാര്യ. പ്ലസ് ടു കഴിഞ്ഞ അനന്തകൃഷ്ണനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആര്യനന്ദയുമാണ് മക്കൾ.സമ്മാനത്തുകകൊണ്ട് പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിക്കാനും മക്കളുടെ വിദ്യാഭ്യാസം നന്നായി നടത്താനുമാണ് ലക്ഷ്യമിടുന്നത്.സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽബാങ്ക് തങ്കിശാഖയിൽ നൽകി.