
ഹരിപ്പാട് : നിയന്ത്രണം തെറ്റിയ ലോറി ബുള്ളറ്റിനു മുകളിലേക്ക് മറിഞ്ഞ് ബുള്ളറ്റ് യാത്രക്കാരന് ദാരുണാന്ത്യം. വിമുക്ത ഭടനായ കരീലക്കുളങ്ങര പത്തിയൂർ കുറ്റിക്കാട്ട് കിഴക്കതിൽ നന്ദനത്തിൽ ഷിജിയാണ് (50) മരിച്ചത്.
ഇന്നലെ രാവിലെ ആറു മണിയോടെ ദേശീയപാതയിൽ ഹരിപ്പാട് ആർ കെ ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട്, എതിർദിശയിൽ വന്ന ഷിജിയുടെ ബുള്ളറ്റിൽ ഇടിച്ച ശേഷം ഇതിന് മുകളിലേക്ക് മറിയുകയായിരുന്നു. താഴ്ചയിലേക്ക് മറിഞ്ഞ ലോറിക്ക് അടിയിൽ നിന്നും ഷിജിയെ പുറത്തെടുത്തു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരീലക്കുളങ്ങരയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുകയായിരുന്നു ഷിജി. പരിക്കേറ്റ ലോറി ഡ്രൈവർ കൊല്ലം സ്വദേശി ലാലുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ അപകത്തിനു മുമ്പ് ആർ.കെ.ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി നടന്നിരുന്നു. പുലർച്ചെ പെയ്ത മഴയ്ക്കു ശേഷമായിരുന്നു അപകടങ്ങൾ. ആർ കെ ജംഗ്ഷനു കിഴക്കുനിന്ന് വന്ന ലോറിയും ദേശീയപാതയിലൂടെ വന്ന കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഈ വിവരമറിഞ്ഞ് എത്തിയ ഹൈവേ പൊലീസിന്റെ വാഹനത്തിൽ ഹരിപ്പാട് ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാൻ ഇടിച്ചു. ഈ രണ്ട് അപകടങ്ങളിലും ആർക്കും പരിക്കുകളില്ല.