bsj

മരിച്ചത് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും

ഹരിപ്പാട് : തൃക്കുന്നപ്പുഴ- വലിയഴീക്കൽ റോഡിൽ,അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനും കാൽനടയാത്രക്കാരനും മരിച്ചു. കാൽനടയാത്രികനായ ആറാട്ടുപുഴ എ.സി പള്ളിക്ക് കിഴക്ക് കൊച്ചു തറ പടീറ്റതിൽ കരുനാഗപ്പള്ളി എന്ന് വിളിക്കുന്ന മൈതീൻകുഞ്ഞ് (70), ബൈക്ക് ഓടിച്ച കരുവാറ്റ അനന്ദു ഭവനത്തിൽ ഗോപാലകൃഷ്ണന്റെ മകൻ ആനന്ദകൃഷ്ണൻ (23) എന്നിവരാണ് തത്ക്ഷണം മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ച, ആനന്ദകൃഷ്ണന്റെ ബന്ധു കള്ളിക്കാട് എ.കെ.ജി.നഗർ കരിത്തറയിൽ ശ്യാംദാസിന് (കുക്കു- 22) പരിക്കേറ്റു. മുഖത്ത് ഗുരുതര പരിക്കേറ്റ ശ്യാം ദാസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 9 മണിയോടെ ആറാട്ടുപുഴ എം.ഇ.എസ്.ജംഗ്ഷനിലായിരുന്നു അപകടം. തൃക്കുന്നപ്പുഴയിൽ നിന്ന് വലിയഴീക്കൽ ഭാഗത്തേക്ക് വന്ന ബൈക്ക് റോഡരികിൽ നിന്ന മൈതീൻകുഞ്ഞിനെ ഇടിച്ച് തെറിപ്പിച്ച ശേഷം എം.ഇ.എസ്. ബിൽഡിംഗിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണാണ് മൈതീൻകുഞ്ഞും ആനന്ദകൃഷ്ണനും മരിച്ചത്. രജനിയാണ് ആനന്ദകൃഷ്ണന്റെ മാതാവ്. ഭാര്യ : ആതിര. സഹോദരൻ: അമൽ. പരേതയായ റൗളാ കുഞ്ഞാണ് മൈതീൻ കുഞ്ഞിന്റെ ഭാര്യ. മക്കൾ: റാഷിദ, ഫാസില, റഷീദ, സീനത്ത് , അബ്ദുറഹീം ഫാളിലി (ചീഫ് ഇമാം തുറവൂർ മുസ്‌ലിം ജമാഅത്ത് ). മരുമക്കൾ: ഇബ്രാഹിംകുട്ടി, സക്കീർഹുസൈൻ, കുഞ്ഞുമോൻ, ജുനൈദ. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൈതീൻ കുഞ്ഞിന്റെ കബറടക്കം ആറാട്ടുപുഴ പടിഞ്ഞാറെ ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടന്നു. ആനന്ദകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും.