
അമ്പലപ്പുഴ : അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്ക് ഭാഗത്ത് യാത്രക്കാർക്കായി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിറുത്തുന്നില്ലെന്ന് പരാതി. ജംഗ്ഷനിലെ സിഗ്നൽ ലൈറ്റിന് തെക്കോട്ടു മാറിയാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. എന്നാൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇതിനു മുന്നിൽ നിറുത്താതെ സിഗ്നലിനോട് ചേർന്ന് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
അതുകാരണം, ബസ് കയറാൻ വരുന്നവർ വെയിലും മഴയുമേറ്റ് നിൽക്കേണ്ട അവസ്ഥയാണുള്ളത്. യാത്രക്കാരുടെ ദുരിതം കണ്ട് അമ്പലപ്പുഴ തെക്ക് പഞ്ചായത്താണ് 2017 ഡിസംബറിൽ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ തെക്കുഭാഗത്തായി യാത്രക്കാർക്കായി കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു നൽകിയത്. എന്നാൽ കെ.എസ്.ആർ.ടി സി ബസുകൾ ഇപ്പോഴും സിഗ്നലിനോട് ചേർന്നു തന്നെ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. സിഗ്നലിനോട് ചേർന്ന് ബസുകൾ നിർത്തുന്നത് കിഴക്കുഭാഗത്തു നിന്നും യു ടേൺ എടുത്തു വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. ഇതു കൂടാത ജംഗ്ഷനിൽ തന്നെ ആളുകൾ കൂടി നിൽക്കുന്നതിനും കാരണമാകുന്നു.
പഞ്ചായത്ത് അധികൃതർ നിരവധി തവണ കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ടിട്ടും ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിറുത്താൻ നടപടി എടുത്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടേത്. കാത്തിരിപ്പു കേന്ദ്രം ഉണ്ടായിട്ടും ബസുകൾ സിഗ്നലിനോട് ചേർന്ന് നിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി ട്രാൻസ്പോർട്ട് അധികൃതർ നടപടി സ്വീകരിക്കണം
-വി. ഉത്തമൻ അമ്പലപ്പുഴ ,പൊതു പ്രവർത്തകൻ.