tur
അരൂർ പഞ്ചായത്തിലെ അടച്ചുപൂട്ടിയ ശാന്തിഭൂമി പൊതുശ്മശാനം

അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള " ശാന്തി ഭൂമി " പൊതു ശ്മശാനം ഓപ്പറേറ്റർ ഇല്ലാത്തതിനാൽ പ്രവർത്തനം നിലച്ചിട്ട് രണ്ടു മാസം. മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സൗകര്യമില്ലാതായതോടെ അരൂരുകാരും സമീപ പഞ്ചായത്തു നിവാസികളും നെട്ടോട്ടത്തിലാണ്. ഒരു മരണമുണ്ടായാൽ അശാന്തിയുടെയും ആശങ്കകളുടെയും അനുഭവങ്ങളാണ് ഓരോ ദിനവും ഇവർക്ക് സമ്മാനിക്കുന്നത്. ഉറ്റവരുടെ വിയോഗത്തിന്റെ വേദനയിൽ നീറുന്നവർ, ഈ മഴക്കാലത്ത് മരിച്ചവരുടെ സംസ്കാരം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്. ഭൂരിഭാഗം പഞ്ചായത്തുകളിലും പൊതു ശ്മശാനം ഇല്ല . അതിനാൽ അരൂർ പഞ്ചായത്തിലെ പൊതു ശ്മശാനമാണ് ഏക ആശ്രയം. അതാകട്ടെ മാസങ്ങളായി പ്രവർത്തനം നിലച്ച് ഒരു നോക്കുകുത്തിയായി മാറിയതോടെ ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലെ സ്ഥലസൗകര്യം കുറഞ്ഞ നൂറ് കണക്കിന് കുടുംബങ്ങളാണ് വലയുന്നത്. വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിൽ പ്രധാനികൾ. ഇവരാകട്ടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ദൂരം സഞ്ചരിച്ച് തൊട്ടടുത്ത എറണാകുളം ജില്ലയിലെ പൊതു ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അരൂർ പഞ്ചായത്തിലെ 21-ാം വാർഡിൽ 7 വർഷം മുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് പൊതുശ്മശാനം നിർമ്മിച്ചത്. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പറ്റുന്ന ആധുനിക സംവിധാനവും ഒരു ഓപ്പറേറ്ററുമാണ് ഇവിടെയുള്ളത്. ശ്മശാനം സാങ്കേതിക തകരാറിനെ തുടർന്ന് മൂന്ന് പ്രാവശ്യം അടച്ചുപൂട്ടിയിടേണ്ടി വന്നുവെങ്കിലും ഓപ്പറേറ്റർ ഇല്ലാതെ പ്രവർത്തനം നിലയ്ക്കുന്നത് ഇതാദ്യമാണ്. നിലവിലുണ്ടായിരുന്ന ഓപ്പറേറ്റർ പൊലീസ് കേസിൽ പ്പെട്ടതോടെ അയാൾ ജോലിയ്ക്കെത്തുന്നില്ല. പഞ്ചായത്ത് അധികൃതർ പകരം ആളെ നിയമിക്കാനുള്ള അടിയന്തിര നടപടി സ്വീകരിച്ചുവെങ്കിലും ആരും എത്താത്തതാണ് ശ്മശാന പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നത്.

...........

# ആശ്രയം എറണാകുളം

അനുദിനം വളരുന്ന കൊച്ചിയുടെ ഉപഗ്രഹനഗരമെന്നറിയപ്പെടുന്ന അരൂരിലും സമീപ പഞ്ചായത്തുകളിലുമായി ആയിരക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. സ്ഥല സൗകര്യം ഒട്ടുമില്ലാത്ത അനേകം കുടുംബങ്ങൾക്കും വാടക വീട്ടിൽ താമസിക്കുന്നവർക്കും വളരെയധികം പ്രയോജനകരമാണ് അരൂരിലെ പൊതു ശ്മശാനം. ഇതിന്റെ പ്രവർത്തനം നിലച്ചതോടെ ശവസംസ്ക്കാരത്തിനായുള്ള നാട്ടുകാരുടെ ദുരിതം ചില്ലറയല്ല. നെട്ടുർ ശ്മശാനം പോലുള്ള എറണാകുളം ജില്ലയിലെ പൊതു ശ്മശാനങ്ങളിൽ എത്തിച്ചാണ് നിലവിൽ മൃതദേഹം സംസ്ക്കരിക്കുന്നത്. ഇത് വളരെയധികം സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതായി പരാതിയുണ്ട്. പഞ്ചായത്തുകളാകട്ടെ ബഡ്ജറ്റിൽ പൊതു ശ്മശാന നിർമ്മാണത്തിന് തുക വകയിരുത്താറുണ്ടെങ്കിലും അത് കടിലാസിലൊതുങ്ങുകയാണ്.

........................

വളരെയധികം കുടുംബങ്ങളുടെ ഏകാശ്രയമാണ് അരൂരിലെ പൊതു ശ്മശാനം. അധികൃതർ ശ്മശാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഓപ്പറേറ്ററെ നിയമിച്ച് പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് ഇതു പരാതി നൽകിയിട്ടുണ്ട്.

സന്ധ്യ ശ്രീജൻ, വാർഡ് അംഗം

ശ്മശാനത്തിലേക്ക് പ്രവർത്തിപരിചയമുള്ള ഓപ്പറേറ്ററെ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നു. പഞ്ചായത്ത് രണ്ട് തവണ പരസ്യം നൽകി. പ്രശ്നം പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം നടത്തുന്നുണ്ട്.

അഡ്വ. രാഖി ആന്റണി, പഞ്ചായത്ത് പ്രസിഡന്റ്