ആലപ്പുഴ: മഹാദേവിക്കാട് എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപികയ്ക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 2021 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിച്ച ആർ.ഷീല സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മിഷനംഗം വി.കെ.ബീനാകുമാരി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. സ്പാർക്കിലെ സാങ്കേതിക തടസം കാരണമാണ് പ്രോവിഡന്റ് ഫണ്ട് യഥാസമയം അനുവദിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബിൽ ട്രഷറിയിൽ നിന്നും പാസാക്കി നൽകി. എന്നാൽ തനിക്കൊപ്പം വിരമിച്ച അദ്ധ്യാപകന് നേരത്തെ തന്നെ പി.എഫ് തുക മാറി നൽകിയതായി പരാതിക്കാരി കമ്മിഷനെ അറിയിച്ചു. കൊവിഡ് വ്യാപന സമയത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിച്ചതു കൊണ്ടുണ്ടായ കാലതാമസം കണക്കിലെടുത്ത് കമ്മിഷൻ കേസ് തീർപ്പാക്കി.