ആലപ്പുഴ: നഗരത്തിലെ ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ജല അതോറിട്ടി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേർന്നു.
പൊതുടാപ്പുകൾ നിർത്തലാക്കുന്ന സാഹചര്യത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുടാപ്പുകളെ ആശ്രയിക്കുന്ന ഗുണഭോക്താക്കൾക്ക് സൗജന്യ കണക്ഷൻ കൊടുക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആർ.ഒ പ്ലാൻറുകൾ വാട്ടർ അതോറിട്ടി ജലം സക്ക് ചെയ്ത് എടുക്കുന്നത് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്താനും, നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മുല്ലയ്ക്കൽ, സക്കറിയബസാർ, വട്ടയാൽ, പുന്നമട പ്രദേശങ്ങളിൽ പൈപ്പ് പൊട്ടിയതും, കനാലുകളിലും തോടുകളിലൂടെയുമുള്ള കണക്ഷൻ ലീക്ക് മൂലം മലിനജലം കയറുന്നത് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. 2646 പൊതുടാപ്പുകൾക്കാണ് നഗരസഭ പണം അടക്കേണ്ടത്.പല ടാപ്പുകളും പ്രവർത്തന സജ്ജമല്ല. സംയുക്ത പരിശോധന നടത്തി നടത്തി എണ്ണം തിട്ടപ്പെടുത്തും. റോഡ് കട്ട് ചെയ്യേണ്ട പവർഹൗസ്, സിവിൽസ്റ്റേഷൻ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പി.ഡബ്ല്യു.ഡി അനുമതി ലഭിക്കുന്ന മുറയ്ക്ക് പരിഹരിക്കാനാവുമെന്നും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, എ.ഷാനവാസ്, ബിന്ദുതോമസ്, ബീനരമേശ്, ആർ.വിനിത, കക്ഷി നേതാക്കളായ എം.ആർ പ്രം, റീഗോരാജു, ഡി.പി മധു, സതീദേവി, നസീർപുന്നക്കൽ, ഹരികൃഷ്ണൻ, വാട്ടർ അതോറിറ്റി എ.ഇ ബെൻ,മുനിസിപ്പൽ സെക്രട്ടറി ബി. നീതുലാൽ, എം.ഇ ഷിബു നാൽപ്പാട്ട്, പിഎ ടു സെക്രട്ടറി വേണു, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.