പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കൃഷി അസി.ഡയറക്ടർ ഓഫീസ്, മരതകം കർഷക സ്റ്റോർ , സ്റ്റാർട്ട് അപ് വില്ലേജ് എന്റർപ്രണർ പ്രോഗ്രാം ഓഫീസ്, കുടുംബശ്രീയുടെ സുഭിക്ഷാ ഹോട്ടൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രി മോഷണം നടന്നു. എല്ലായിടത്തും പൂട്ട് തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഓഫീസുകളിലെ ഫയലുകളും ഫർണ്ണീച്ചറുകളും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ബ്ലോക്ക് ഓഫീസിലെ മൂന്ന് അലമാരകൾ കുത്തി തുറന്ന നിലയിലായിരുന്നു. സുഭിക്ഷ ഹോട്ടലിലെ മേശയിൽ സൂക്ഷിച്ചിരുന്ന 450 രൂപ മാത്രമാണ് അപഹരിക്കപ്പെട്ടത്. രാവിലെ ഓഫീസ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണശ്രമം അറിഞ്ഞത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡിന്റെ പരാതിയെ തുടർന്ന് പൂച്ചാക്കൽ സി.ഐയും സംഘവും അന്വേ ഷണം ആരംഭിച്ചു. മുമ്പും ബ്ലോക്ക് ഓഫീസിൽ മോഷണം നടന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പൊലീസ് സ്റ്റേഷൻ പരിസരത്തെ രണ്ടു കടകളിൽ മോഷ്ടാക്കൾ കയറി പണം അപഹരിച്ചിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ മോഷണ പരമ്പര അരങ്ങേറിയത്. പൊലീസിന്റെ രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.എം. പ്രമോദ് ആവശ്യപ്പെട്ടു.