bus

ചാരുംമൂട് : മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചാരുംമൂട് ടൗണിൽ വച്ചായിരുന്നു അപകടം. അടൂരിൽ നിന്നും കായംകുളത്തേക്കു വന്ന കൂട്ടുങ്കൽ ബസും സുൽത്താൻ ബസും തമ്മിലാണ് ഇടിച്ചത്. സിഗ്നൽ കടന്ന് മുന്നോട്ടു വന്ന സുൽത്താൻ ബസിനെ പിന്നാലെ വന്ന കൂട്ടുങ്കൽ ബസ് മറികടക്കുമ്പോൾ പിൻ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൂട്ടുങ്കൽ ബസിന്റെ മുൻ വശം തകരുകയും ചില്ല് പൂർണമായും പൊട്ടിച്ചിതറുകയും ചെയ്തു.

ഈ ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസുകളുടെ മത്സര ഓട്ടത്തിൽ ഓടിക്കൂടിയവരുടെ പ്രതിഷേധവുമുണ്ടായി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാഹന പരിശോധന നടത്തി. രാവിലെ ഈ രണ്ടു ബസുകളും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ചാരുമൂട്ടിൽ പിടിച്ചിട്ട് താക്കീത് ചെയ്ത് വിട്ടിരുന്നതാണ്. രണ്ടു ബസുകളിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

റോഡിൽ തെറിച്ചു വീണ ബസിന്റെ ചില്ലുകൾ ജീവനക്കാരെ കൊണ്ട് നീക്കം ചെയ്യിച്ചു.