ചേർത്തല : ഇന്ത്യൻ ഭരണഘടനയെ സാധാരണക്കാരനിലേക്കെത്തിക്കാനായി പ്രവർത്തിക്കുന്ന വാളണ്ടിയേഴ്സ് ഒഫ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എംപവർമെന്റ് (വോയ്സ് ഇന്ത്യ) അവാർഡുദാനസമ്മേളനം നാളെ ചേർത്തല മണപ്പുറം സെന്റ് തേരേസാസ് സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭരണഘടനാദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വിവിധ മേഖലകളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും പ്രവർത്തന മികവുകാട്ടിയവർക്കുമാണ് ആദരവ് നൽകുന്നത്.
നാളെ രാവിലെ 9.45ന് നടക്കുന്ന സമ്മേളനത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തും. വോയ്സ് പ്രസിഡന്റ് വിത്സൻകല്ലൻ അദ്ധ്യക്ഷനാകും.നിയമസഹായവേദികളുടെ ഉദ്ഘാടനം അഡിഷണൽ ജില്ലാ ജഡ്ജ് കെ.പി.പ്രദീപും ഭരണഘടനാ ക്ലബുകളുടെ ഉദ്ഘാടനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറവും നിർവഹിക്കും. മാറണം നമ്മൾ മാറ്റണം നാടിനെയും എന്ന സന്ദേശമുയർത്തിയുളള പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് വിത്സൻ കല്ലൻ,ജനറൽ സെക്രട്ടറി പ്രഷീല ബാബു,ജോർജ്ജ് മാത്യു,പി.വി.ദിനദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.