ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി മന്ത്രി പി. രാജീവ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.പി.ചിത്തരഞ്ജൻ എം.എൽ.എ കത്ത് നൽകി. കയർ മേഖലയിൽ വ്യവസ്ഥാപിതമായി നിലനിന്നുവരുന്ന ക്രയവില സ്ഥിരതാപദ്ധതി അട്ടിമറിച്ചു ഇടനിലക്കാരായ ഡിപ്പോക്കാരെ ഉപയോഗിച്ച് വില കുറച്ച് കയർ ഉത്പന്നങ്ങൾ വാങ്ങുകയാണ്. ചെറുകിട ഉത്പാദകർ കഴിഞ്ഞ 25 മുതൽ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കുന്നതിനും കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും കയർ മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ചു കൂട്ടണമെന്നും ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.