
അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കരൂർ ബിജു ഭവനത്തിൽ ബിജുകുമാറി(37)ന്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഞായറാഴ്ച പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകളിൽ പൊതു ധനശേഖരണം നടത്തും. കഴിഞ്ഞ ആറ് വർഷമായി ബിജു വൃക്കരോഗത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷമായി ആഴ്ചയിൽ രണ്ട് തവണ വീതം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തിപ്പോരുന്നത്. വൃക്കമാറ്റിവച്ചാലേ ജീവൻ രക്ഷിക്കാനാകുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. ബിജുവിന്റെ സഹോദരി വൃക്ക നൽകി സഹോദരന്റെ ജീവൻ രക്ഷിക്കാൻ തയ്യാറായിട്ടുണ്ട്. ടെസ്റ്റുകളും അനുബന്ധ ചെലവുകളും ഉൾപ്പടെ ഏകദേശം 15 ലക്ഷം രൂപ സർജറിക്കും തുടർ ചികിത്സയ്ക്കുമായി വേണ്ടി വരും. ഭാര്യ അശ്വതിയും മക്കളായ 10 വയസുള്ള അഞ്ജനയും നാല് വയസുള്ള ആദിത്യനും ഉൾപ്പെടുന്ന ബിജുവിന്റെ നിർദ്ധനകുടുംബത്തിന് ഈ ചെലവ് താങ്ങാനാവുന്നതല്ല. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ബിജുവും കുടുംബവും വർഷങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്. മരപ്പണിക്കാരനായ ബിജുവിന് അസുഖം മൂലം ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്.
..........................................
ബിജുവിന്റെ ശസ്ത്രക്രിയക്കായി പണം കണ്ടെത്തുന്നതിനായി ജീവൻ രക്ഷാസമതി രൂപീകരിച്ചിട്ടുണ്ട്. ചെയർമാൻ എ.എസ്. സുദർശനൻ(പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) കൺവീനർ എം .ശ്രീദേവി (ഗ്രാമപഞ്ചായത്തംഗം).