biri

ചാരുംമൂട് : ദീർഘകാലം ഓട്ടമില്ലാതെ കട്ടപ്പുറത്തിരുന്ന സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി പി.ടി.എയും അദ്ധ്യാപകരും. പള്ളിക്കൽ ഗവ.എസ്.കെ.വി.എൽ.പി സ്കൂളിലാണ് പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി, അദ്ധ്യാപകർ, വികസനസമിതി, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ ബിരിയാണി ചലഞ്ച് നടത്തിയത്. 1300 ഓളം ബിരിയാണി ചലഞ്ചിന്റെ ഭാഗമായി വില്പന നടത്തി. ഇതിൽ നിന്നും ലഭിച്ച ഒരു ലക്ഷത്തോളം രൂപ ഉപയോഗിച്ച് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും ജി.പി.എസ് അടക്കമുള്ള സംവിധാനങ്ങൾ ഘടിപ്പിക്കുകയും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്തു. ബുധനാഴ്ച മുതൽ സ്കൂൾ വാഹനം ഓടിത്തുടങ്ങി. പി.ടി.എ പ്രസിഡന്റ് സന്ധ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സുമി ഉദയൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ഹെഡ് മാസ്റ്റർ മുഹമ്മദ് ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ആരതി, അദ്ധ്യാപകരും മറ്റ് ജീവനക്കാരുമായ സ്മിത, രമ്യ,മഞ്ജു, അനിത, സുനിത, ബിന്ദു, ഗീതാമ്മ തുടങ്ങിയവർ പങ്കെടുത്തു..