ആലപ്പുഴ: കുട്ടനാട്ടിൽ കോടികൾ ചെലവഴിച്ചു പുനർ നിർമ്മിക്കുന്ന റോഡുകൾ പാളിയോടെ പൊളിയുന്നു. പുനർനിർമ്മിച്ച റോഡ് ഒരു മാസം തികയും മുമ്പേ ഇടിഞ്ഞു താഴുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. റോഡിൽ മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗത തടസം നേരിടുകയാണ്. മങ്കൊമ്പ് ബ്ലോക്കു ജംഗ്ഷൻ മുതൽ കണ്ണാടി പഴയകാട് പള്ളി ജംഗ്ഷൻ വരെയുള്ള മങ്കൊമ്പ് കണ്ണാടി വികാസ് റോഡാണ് ഇടിഞ്ഞു താഴ്ന്നത്. മങ്കൊമ്പ് പാലത്തിന്റെ വടക്കേ കരയിൽ നിന്ന് അര കിലോമീറ്റർ മാറി മേച്ചേരിവാക്ക പാടശേഖരത്തിലൂടെ കടന്നുപോകുന്ന റോഡാണു തകർന്നത്. ഇതുവഴി ഭാരം കയറ്റിവരുന്ന ടിപ്പർ ലോറികൾ എതിരെ വരുന്ന വാഹനത്തിനു വശം കൊടുക്കുമ്പോഴാണ് റോഡിന്റെ ഒരുവശത്തെ ടാറിംഗ് താഴുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി വന്ന ലോറി അപകടത്തിൽപെട്ടിരുന്നു. ലോറി സഞ്ചരിച്ച ഭാഗം ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പത്തുമീറ്ററോളം നീളത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആറു കോടി രൂപ ചെലവഴിച്ചുള്ള റോഡിന്റെ പുനർനിർമാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. മങ്കൊമ്പ് പാലം മുതൽ പൊട്ടുമുപ്പതു വരെയുള്ള ഭാഗം വീതികൂട്ടി ഉയർത്തി നിർമ്മിക്കുന്നതോടൊപ്പം പൊട്ടുമുപ്പതു മുതൽ പഴയകാട് ജംഗ്ഷൻ വരെയുള്ള റോഡ് ടാറിംഗ് നടത്താനുമായിരുന്നു കരാർ. എന്നാൽ റോഡ് ഉയർത്തി വീതി കൂട്ടുന്ന ഭാഗത്തെ നിർമ്മാണത്തിലെ ക്രമക്കേടിനെ തുടർന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. കരാർ അനുസരിച്ചുള്ള നിർമ്മാണം നടത്താത്തതിനാൽ പാടത്തു വെള്ളം കയറ്റുമ്പോൾ റോഡിൽ ഗതാഗത തടസവും പതിവാണ്. ടെണ്ടർ നടപടികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞാണ് ജോലികൾ ആരംഭിച്ചത്. നിലവിൽ നിർമ്മിച്ച റോഡിന് ഉയരം കുറവാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ടാറിംഗ് നടത്തിയ റോഡ് ബലപ്പെടുത്തുന്നതിനായി വശങ്ങളിൽ ആവശ്യത്തിനു മണ്ണിറക്കാത്തതാണ് ഇപ്പോഴത്തെ അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. നിർമ്മാമാണ ജോലികൾ നടക്കുന്നതിനിടെ കാരാറുകാരുടെ ലോറിയടക്കം ഒന്നിലധികം വാഹനങ്ങൾ പാടത്തേക്കു മറിഞ്ഞിരുന്നു. ആഴ്ചകൾക്കു മുമ്പാണ് റോഡിലെ ടാറിംഗ് ജോലികൾ കരാറുകാർ പൂർത്തിയാക്കിയത്.
.......
"റോഡിന്റെ ഇരുവശവും ബലപ്പെടുത്താൻ കൽക്കെട്ടു നിർമ്മിച്ച് പുനർ നിർമ്മാണ ജോലികൾ വെള്ളപ്പൊക്കത്തിന് മുമ്പ് പൂർത്തികരിച്ച് സഞ്ചാര യോഗ്യമാക്കണം.റോഡിന്റെ വശങ്ങളിൽ റിഫ്‌ളക്ടറുകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ പൂർത്തികരിക്കണം.
പ്രമോദ്, പ്രദേശവാസി.