
ആലപ്പുഴ: തിങ്കളാഴ്ച നഗരത്തിലെ വിദ്യാലയങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പാഠങ്ങളുമായി ക്ളാസ് സംഘടിപ്പിക്കും. പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നടീലിൽ ഒതുക്കാതെ, കുട്ടികൾക്കിടയിൽ ശുചിത്വ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാൻ ആലപ്പിയുടെ സഹകരണത്തോടെ നഗരസഭ കുട്ടികളിലേക്ക് എത്തുന്നത്. സ്കൂൾ അദ്ധ്യയനം ആരംഭിക്കുന്നതിന് മുമ്പ് 15 മിനിട്ട് ക്ലാസാണ് കുട്ടികൾക്ക് നൽകുക. കാൻ ആലപ്പിയുടെ വോളണ്ടിയർമാരും, നഗരത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ക്ലാസ് നയിക്കും.
ഇവർക്കുള്ള പരിശീലനം ഇന്നലെ പൂർത്തിയായി. മാലിന്യ സംസ്കരണ രീതികളെക്കുറിച്ചുള്ള ക്ലാസിന് ശേഷം വിദ്യാർത്ഥികൾ ചേർന്ന് ശുചിത്വ പരിപാലന പ്രതിജ്ഞ ചൊല്ലും. നിർമ്മല നഗരം, നിർമ്മല ഭവനം പദ്ധതിയുടെ ഭാഗമായി നഗരത്തെ അടിമുടി ശുചീകരിച്ചു വരികയാണ്. ശുചിത്വം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളിലേക്കും ശുചിത്വ പാഠങ്ങൾ പകരുന്നത്.
ക്ലാസുകൾ നടക്കുന്നത്
നഗരത്തിലെ 42 വിദ്യാലയങ്ങളിൽ
ഹരിത കർമ്മസേനയെ അടുത്തറിയാം
ഏകദിന ക്ലാസിന് പുറമേ, ഒരു വർഷം നീണ്ടു നിൽക്കുന്ന കാമ്പയിനായാണ് കുട്ടികൾക്കുള്ള ശുചിത്വ പാഠങ്ങൾ ഒരുക്കുന്നത്. അതത് സ്കൂളുകളുടെ സൗകര്യാർത്ഥം, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നേരിൽ കാണാൻ അവസരമുണ്ടാകും. മാലിന്യങ്ങൾ ശേഖരിക്കുന്നത്, തരം തിരിക്കിന്നത്, സംസ്കരിക്കുന്നത്, എയ്‌റോബിന്നുകളുടെ ഉപയോഗം, പാഴ്വസ്തുക്കളുടെ പുനരുപയോഗം അടക്കം വിവിധ അറിവുകൾ കുട്ടികൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരമൊരുക്കും.
പഴയതും ഇനി പുതുമോടിയിൽ
വീട്ടിൽ ചെറിയ തകരാർ മൂലം മാറ്റിവച്ചിരിക്കുന്ന ഗൃഹോപകരണങ്ങൾ, പാകമാകാത്ത വസ്ത്രങ്ങൾ എന്നിവ ഇനി നഗരസഭ ശേഖരിക്കും. കേടുപാടുകൾ പരിഹരിച്ച്, ചെറിയ തുകയ്ക്ക് ഇവ ആവശ്യക്കാർക്ക് വിൽക്കും. ആവശ്യമില്ലാത്ത സാധനങ്ങൾ വീടുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും, ആവശ്യക്കാരിലേക്ക് ഇവ ചെറിയ നിരക്ക് മാത്രം ഈടാക്കി എത്തിക്കാനും സാധിക്കുന്നതാണ് പദ്ധതി. ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിൽ അടുത്ത ദിവസം തന്നെ പദ്ധതി ആരംഭിക്കും.
ശുചിത്വത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ നിർബന്ധമായും മനസിലാക്കിയിരിക്കണം. പരിസ്ഥിതി ദിനാചരണം വിപുലപ്പെടുത്തുക എന്ന ചിന്തയിൽ നിന്നാണ് വിദ്യാർത്ഥികളിലേക്ക് നേരിട്ടെത്തുകയെന്ന ആശയം ഉടലെടുത്തത്
- പി.എസ്.എം.ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ