ആലപ്പുഴ: സ്വർണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനായി ജി.എസ്.ടി ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 14.26 കോടി രൂപ മൂല്യമുള്ള 31.78 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. നികുതി, പിഴ ഇനങ്ങളിൽ 82.87 ലക്ഷം രൂപ ഈടാക്കി. 54 കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളിലും ആഭരണ വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് മതിയായ വ്യാപാര രേഖകൾ ഇല്ലാതെയും അപൂർണവും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചും കടത്തിയതും നികുതി അടക്കാത്തതുമായ സ്വർണം പിടികൂടിയത്. ജി.എസ്.ടി വകുപ്പിന്റെ പ്രത്യേക ഗോൾഡ് ഡ്രൈവിന്റെ ഭാഗമായി ജില്ലാ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ വി.അജിത്തിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. സംസ്ഥാന നികുതി ഓഫീസർമാരായ ബി.മുഹമ്മദ് ഫൈസൽ, ജെ.ഉദയകുമാർ, ടി.കെ.സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുളള സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.