
അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷത്തിൽപ്പരം രൂപയാണ് ഇതിനായി വകയിരുത്തിയത്. ഒരെണ്ണത്തിന് 37,700 രൂപ വില വരുന്ന ലാപ്ടോപ്പുകളാണ് 24 കുട്ടികൾക്ക് നൽകിയത്. എച്ച്.സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.