ph
പരിസ്ഥിതിസംരക്ഷണ സന്ദേശവുമായി കൊച്ചുകൂട്ടുകാർ

കായംകുളം: ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് കാടിന്റെ കാഴ്ചകൾ നേരിട്ടറിയുവാൻ അവസരമൊരുക്കി സമഗ്രശിക്ഷാ കേരളം. ചെങ്ങന്നൂർ ബി ആർ സി. ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 20 ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് വനവൽക്കരണത്തിന്റെയും വനസംരക്ഷണത്തിന്റെയും ആവശ്യകത നേരിട്ട് ബോദ്ധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്.

കായംകുളം കണ്ടല്ലൂരിൽ വനമിത്ര പുരസ്‌കാര ജേതാവും പരിസ്ഥിതി സംരക്ഷകനുമായ കെ. ജി രമേശ് തന്റെ വീടിനോടു ചേർന്നുള്ള ഭൂമിയിൽ കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ലക്ഷ്മീസ് അറ്റോൾ ഫാം, സ്കൂൾ കുട്ടികൾ സന്ദർശിച്ചു. ഔഷധസസ്യങ്ങൾ, കാർഷിക വിളകൾ, ഫലവർഗങ്ങൾ, അപൂർവയിനം വൃക്ഷങ്ങൾ തുടങ്ങി ആയിരത്തിൽപരം സസ്യവർഗങ്ങളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്.

കെ ജി രമേശിനെ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ജി. കൃഷ്ണകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. ബി.ആർ.സി ട്രെയിനർമാരായ ബൈജു.കെ , പ്രവീൺ വി. നായർ, പരിസ്ഥിതി പ്രവർത്തകരായ വി. ഹരിഗോവിന്ദ്, ജി. രാധാകൃഷ്ണൻ, ശ്രീജിത്ത് പി., സുധർമ രഘു വി. അനിൽബോസ്, ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന സ്പെഷ്യൽ എജ്യുക്കേറ്റർമാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശ്രീഹരി ജി., രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.