ഗവ. ആയൂർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
ആലപ്പുഴ: ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ ആയൂർവേദം ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഗവ. ആയൂർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 38-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പൊതുജനാരോഗ്യ പരിപാലനത്തിൽ അനിവാര്യമാകുന്ന ആയൂർവേദം' എന്ന വിഷയത്തിലെ മാദ്ധ്യമ സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സാ സമ്പ്രദായങ്ങളുടെ സേവനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യാതിഥികളായ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയയുടെ സന്ദേശം യോഗത്തെ അറിയിച്ചു. സെമിനാറിൽ അസോ. സംസ്ഥാന കമ്മിറ്റി അംഗം ഡോ. വിഷ്ണുനമ്പൂതിരി, റിട്ട. ഡി.എം.ഒ ഡോ. എ.പി. ശ്രീകുമാർ, കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, മനോരമ ആരോഗ്യം മാഗസിൻ സീനിയർ സബ് എഡിറ്റർ ലിസ്മി എലിസബത്ത് ആന്റണി എന്നിവർ വിഷയാവതരണം നടത്തി. ആലപ്പുഴ പ്രസ്ക്ളബ് പ്രസിഡന്റ് സജിത്ത്, സുശീൽകുമാർ, സംജദ് നാരായണൻ, ശരണ്യ സ്നേഹജൻ, ഡോ. വി.ജി. ജയരാജ്, ഡോ. രാജശേഖരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. എം.എസ്. നൗഷാദ് സ്വാഗതവും ദക്ഷിണ മേഖല ചെയർമാൻ ഡോ. കെ.യു. ഹരികുമാർ നമ്പൂതിരി നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. മികച്ച ജില്ലാ കമ്മിറ്റിക്കുള്ള അവാർഡ് ദാനവും മികച്ച ജില്ലാ സെക്രട്ടറിക്കുള്ള ഡോ. തൊടിയൂർ ശാർങ്‌ഗധരൻ സ്മാരക പുരസ്കാരവും എ.എം. ആരീഫ് എം.പി വിതരണം ചെയ്യും. ഉച്ചക്ക് രണ്ടിന് പാലിയേറ്റീവ് പരിചരണത്തിലെ ആയൂർവേദ അനുഭവങ്ങൾ എന്ന വിഷയത്തിലുള്ള ശാസ്ത്ര സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജി.എസ്. പ്രവീൺ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ. രാജേഷ്, ഡോ. കെ.ആർ. സുരേഷ് എന്നിവർ വിഷയാവതരണം നടത്തും. നഗരസഭാ ചെയർപേഴ്സൺ സൗമ്യാ എസ്. രാജ്, ആയൂർമിഷൻ ജോയിന്റ് ഡയറക്ടർ ഡോ. ആർ. ഉഷ, ഡി.എം.ഒ ഡോ. എസ്. ഷീബ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡോ. കെ.വി. ബിജു നന്ദിയും പറയും.