ആലപ്പുഴ: കിടത്തി ചികിത്സയുള്ള ആയുർവേദ ആശുപത്രികളിൽ ഒരു ഡോക്ടർ മാത്രമുള്ളിടത്ത് ഒരു മെഡിക്കൽ ഓഫീസറെ കൂടി നിയമിക്കാനും താലൂക്ക് അടിസ്ഥാനത്തിൽ ആയുർവേദ ആശുപത്രികൾ ആരംഭിക്കാനും സർക്കാർ അടിയന്തര തീരുമാനം എടുക്കണമെന്ന് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡി.എം.ഒ തസ്തികകൾ അനുവദിക്കുക, പകർച്ചവ്യാധി പ്രതിരോധ നടപടികൾക്കായുള്ള തുക ഉയർത്തുക, സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌ക്കരിക്കുക, ഫാർമസി തസ്തിക ഇല്ലാത്ത 14 സ്ഥാപനങ്ങളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
സംസ്ഥാന കൗൺസിൽ യോഗം രക്ഷാധികാരി ഡോ. എം. ഷർമദ്ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിജെ.സെബി, ട്രഷറർ ഡോ. പി. ജയറാം, വനിത ചെയർ പേഴ്‌സൺ ഡോ. വഹീദാ റഹ്മാൻ, വനിത കൺവീനർ ഡോ. എസ്. ആൾ, ഓഡിറ്റർ ഡോ. എസ്. ഷൈൻ തുടങ്ങിയവർ സംസാരിച്ചു.