jalajeevan-water
ജലജീവൻ പദ്ധതിയിൽ വീടുകളിൽ ക്രമീകരിച്ചിരിക്കുന്ന പൈപ്പും മീറ്ററുകളും

മാന്നാർ: കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും ബിൽത്തുക അടയ്‌ക്കേണ്ട ഗതികേടിലാണ് പാവുക്കര മൂന്നാം വാർഡിൽ കടപ്രമഠം-മണപ്പുറം റോഡിന്റെ ഇരുഭാഗങ്ങളിലും താമസിക്കുന്ന 15 ഓളം വീട്ടുകാർ. ജലജീവൻ പദ്ധതി പ്രകാരം മാസങ്ങൾക്കു മുൻപാണ് ഈ ഭാഗത്ത് എല്ലാ വീടുകൾക്കും കുടിവെള്ളത്തിനായി പൈപ്പ് ലൈൻ സ്ഥാപിച്ചത്. ആദ്യത്തെ ഒരു മാസം തുടർച്ചയായി വെള്ളം ലഭിച്ചെങ്കിലും പിന്നീട് ഇതുവരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ വെള്ളത്തിന് യഥാസമയം ചാർജ് ഈടാക്കുന്നുമുണ്ട്. ചെങ്ങന്നൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി അയക്കുകയും നേരിൽ കണ്ട് പരാതി പറയുകയും ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. ഈ ഭാഗത്തേക്കുള്ള വീതികുറഞ്ഞ കോൺക്രീറ്റ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചതിനുശേഷം ശരിയായ വിധത്തിൽ കുഴി മൂടാത്തതിനാൽ വാഹനങ്ങൾക്ക് കടന്നുപോകുവാൻ പ്രയാസമാണെന്നും പ്രദേശവാസികൾ പറഞ്ഞു.