ആലപ്പുഴ: വെള്ളത്തിൽ മുങ്ങിയ ഹൗസ് ബോട്ടിൽ നിന്ന് സഞ്ചാരികളുടെ ബാഗുകൾ പുറത്തെടുക്കുന്നതിനിടെ ബോട്ടിനകത്ത് കുടുങ്ങി രക്ഷാപ്രവർത്തകന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് 14-ാം വാർഡിൽ ഇ.എം.എസ് ജെട്ടിക്ക് സമീപം വെളാത്തുതറ വീട്ടിൽ പ്രസന്നനാണ് (56) മുങ്ങിമരിച്ചത്.

ഇന്നലെ രാവിലെ കൈനകരി കന്നിട്ട ജെട്ടിയിലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളുമായി കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് കന്നിട്ട ജെട്ടിയിൽ നങ്കൂരമിട്ട ഹൗസ്ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ സഞ്ചാരികളും ജീവനക്കാരും ഉറക്കമുണർന്നപ്പോൾ ബോട്ടിന്റെ അടിപ്പലകയുടെ ഭാഗത്ത് നിന്ന് വെള്ളം ഇരച്ച് കയറുന്നത് കണ്ടു. തുടർന്ന് സഞ്ചാരികളും ജീവനക്കാരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബോട്ട് മുങ്ങിത്താഴ്ന്നു. വിവരം അറിഞ്ഞ് മുങ്ങൽ വിദഗ്ദ്ധനായ പ്രസന്നൻ രക്ഷാപ്രവർത്തനത്തിനായി രാവിലെ 9.30ന് സ്ഥലത്ത് എത്തി. മുങ്ങിക്കിടന്ന ബോട്ടിന്റെ ജനൽ ഭാഗം പൊളിച്ച് അകത്ത് കടന്ന് ലഗേജുകൾ ഓരോന്നായി സാഹസികമായി പുറത്ത് എടുക്കുന്നതിനിടെ ബോട്ടിൽ കുടുങ്ങുകയായിരുന്നു. പ്രസന്നൻ പുറത്തേക്ക് വരാത്തതിനെ തുടർന്ന് 10.45ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വേണുക്കുട്ടന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ബോട്ട് സുരക്ഷിതമായി റോപ്പ് ഉപയോഗിച്ച് വലിച്ചു കെട്ടിയശേഷം വാതിൽ ഭാഗം ആദ്യം തുറന്നു. മൂന്ന് മണിക്കൂർനേരം നടത്തിയ തിരച്ചിലിനൊടുവിൽ ബോട്ടിന്റെ ഇടനാഴിയിൽ പ്രസന്നനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അംബിക. മക്കൾ: സ്മിത, നിഷ, പ്രശാന്ത്. കൊമ്മാടി സ്വദേശിയായ രമേശന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്.