പൂച്ചാക്കൽ : ഒ.സി.വക്കച്ചനും വി.എൻ.ബാബുവും ചേർന്ന് നിർമ്മിച്ച 'പോർക്കളം" സിനിമ 24 ന് തിയേറ്ററുകളിൽ എത്തും. സമൂഹത്തിലെ കുഞ്ഞുമനുഷ്യരുടെ ജീവിത പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പുതുമുഖ നായകൻ കിരൺ അടക്കം പന്ത്രണ്ട് കുഞ്ഞന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി , ഛോട്ടാ വിപിൻ എന്ന കുഞ്ഞൻ നവാഗതനാണ് പോർക്കളം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് ശിവ തിരക്കഥയും സംഭാഷണവും ഒരുക്കി. മദീഷ് ഗുരുകുലം, അഡ്വ.സുധാംശു എന്നിവരുടെ വരികൾക്ക് സുനിൽ പള്ളിപ്പുറം ഈണം നൽകി. കിരൺ , മീനു, പ്രദീപ്, ചെമ്പിൽ അശോകൻ, വി.കെ.ബൈജു , കോട്ടയം പുരുഷു, അംബികാ മോഹൻ , നീനാ കുറുപ്പ്, കാവ്യ അൻസു മരിയ, അന്ന മരിയാ , എയ്ഞ്ചൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 9 അപ്പക്സ് കമ്പനിയാണ് പോർക്കളം തിയറ്ററുകളിൽ എത്തിക്കുന്നത്.