 
ചേർത്തല: വയലാറിലെ ചൊരിമണലിൽ തൊഴിലുറപ്പ് തൊഴിലാളികൾ വിളയിച്ച ചോളം വയലാർ ബ്രാൻഡിൽ വിപണിയിലിറക്കി ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 16 വാർഡുകളിലായി 16 ഏക്കർ സ്ഥലത്താണ് ചോളം കൃഷി ചെയ്തത്. മക്കച്ചോളവും മണിച്ചോളവുമാണ് കൃഷി ചെയ്തത്.640 തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിയുടെ ഭാഗമായത്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ചോളം സംസ്‌ക്കരിച്ച് പൊടിയാക്കി പായ്ക്കറ്റിലുമാക്കി. ഇതാണ് വയലാർ ബ്രാൻഡ് ചോളമായി വിപണിയിൽ എത്തുന്നത്. ചോളം വിളവെടുത്തതിനു ശേഷമുള്ള ചോളച്ചെടി കന്നുകാലികൾക്ക് തീറ്റയായും നൽകും.
വയലാർ ബ്രാൻഡ് ചോളപ്പൊടിയുടെ വിപണന ഉദ്ഘാടനം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി, വൈസ് പ്രസിഡന്റ് എം.ജി.നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എസ്.വി.ബാബു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ യു.ജി.ഉണ്ണി, ഇന്ദിരാ ജനാർദ്ദനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അർച്ചന ഷൈൻ, പഞ്ചായത്ത് അംഗം കെ.വിനീഷ്, കുടുംബശ്രീ ചെയർ പേഴ്‌സൺ സേതുലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ലത എ.മേനോൻ എന്നിവർ നേതൃത്വം നൽകി.