ചേർത്തല : അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മയ്ക്കായി അങ്കണവാടിക്ക് കെട്ടിടമൊരുക്കി പിതാവ്. മാടയ്ക്കൽ ശ്രീജാലയത്തിൽ അജോഷിന്റെ ഓർമ്മയ്ക്കായാണ് പിതാവ് എസ്.മുരളീധരൻ 8 വർഷത്തോളം നടത്തിയ പ്രയത്നത്തിന് ഒടുവിൽ ചേർത്തല തെക്ക് 7-ാം വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്.
കൊച്ചി ഇൻഫോപാർക്കിൽ ജോലിക്കാരനായിരുന്ന അജോഷ് 2013 ഏപ്രിൽ 13 ന് മുവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്. മകന്റെ ഓർമ്മയിൽ വീടിനോടു ചേർന്നുള്ള 4 സെന്റ് സ്ഥലത്ത് അങ്കണവാടി നിർമ്മിക്കണമെന്ന ആവശ്യവുമായി പിതാവ് 2014 ൽ ചേർത്തല തെക്ക് പഞ്ചായത്തിനെ സമീപിച്ചു. പ്രദേശത്ത് വാടകയ്ക്ക പ്രവർത്തിക്കുന്ന അങ്കണവാടി ഇവിടേയ്ക്കു മാറ്റാമെന്നായിരുന്നു തീരുമാനം. മറുപടിയും അനുമതിയും വൈകിയെങ്കിലും 2016 ൽ സ്വന്തം ചെലവിൽ തന്നെ 4 സെന്റ് സ്ഥലം മുരളീധരൻ പഞ്ചായത്തിന് പ്രമാണം ചെയ്തു കൊടുത്തു. കെട്ടിട നിർമാണ സ്ഥലത്തേക്കു വഴിയില്ലാത്തതിനാൽ സ്വന്തം ചെലവിൽ 6 സെന്റ് സ്ഥലം വാങ്ങി വഴിയുമൊരുക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3 വർഷം മുൻപ് കെട്ടിട നിർമാണം തുടങ്ങിയെങ്കിലും ഭിത്തി നിർമ്മിക്കലും കോൺക്രീറ്റും മാത്രമേ പൂർത്തിയായുള്ളു. പദ്ധതിയുടെ കാലാവധി കഴിഞ്ഞതിനാൽ മാസങ്ങളോളം നിർമ്മാണം നിലച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കെട്ടിട നിർമ്മാണം തുടങ്ങിയാൽ 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് ചട്ടം. നടപടികളും നിർമ്മാണവും വൈകിയതിനാൽ 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായില്ല. ഇങ്ങനെ കാലാവധി കഴിഞ്ഞതിനാൽ പദ്ധതി നിലച്ചു. 6.19 ലക്ഷം രൂപ ചെലവാക്കി. വൈദ്യുതീകരണം, പ്ലംബ്ലിംഗ്, പെയിന്റിംഗ്, ടൈൽസ് സ്ഥാപിക്കൽ ഉൾപ്പെടെ ജോലികൾ
പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. മുരളീധരന്റെ തുടർച്ചയായുള്ള പരിശ്രമത്തെ തുടർന്ന് അധികൃതർ വീണ്ടും ഇടപെട്ടു. ചേർത്തല തെക്ക് പഞ്ചായത്ത് 5.13 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. മകൻ അജോഷിന്റെ മരണത്തെ തുടർന്ന് താൻ വളർത്തിയ ദീക്ഷ കാൻസർ രോഗികൾക്ക് മുറിച്ചു നൽകാൻ തയാറാണെന്ന് മുരളീധരൻ അറിയിച്ചിരുന്നു. അങ്കണവാടി നിർമ്മിക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയതിൽ അനുകൂല നടപടി ഉണ്ടാകാതിരുന്നതിൽ പ്രതിഷേധിച്ചുകൂടിയാണ് ദീക്ഷ വളർത്തിയത്.
അജോഷ് സ്മാരക അങ്കണവാടി കെട്ടിടം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം, പഞ്ചായത്ത് അംഗം ആര്യ എസ്.കുമാർ, അംഗൻവാടി അദ്ധ്യാപിക കെ.എ.സൂസന്ന എന്നിവർ സംസാരിച്ചു.