s

ആലപ്പുഴ: മീൻ കൂട്ടി ഉണ്ണണമെന്ന് നിർബന്ധമുള്ളവരാണെങ്കിൽ കാര്യം കുഴഞ്ഞ മട്ടാണ്. ട്രോളിംഗ് നിരോധനം ഒരു വശത്ത്. പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും പരിശോധനകളും മറുവശത്ത്. ഫലമോ മത്സ്യ വിപണിയിൽ കടുത്ത ക്ഷാമവും വിലക്കയറ്റവും.

ട്രോളിംഗ് നിരോധനം വന്നതോടെ മത്തി, നത്തോലി, കിളിമീൻ, ചെമ്മീൻ തുടങ്ങിയ ചെറുമത്സ്യങ്ങൾ മാത്രമാണ് കിട്ടാനുള്ളത്. ഇവയ്ക്കാവട്ടെ തൊട്ടാൽ പൊള്ളുന്ന വിലയും. ഒരു കിലോ മത്തിക്ക് 300 രൂപ വിലയുണ്ട്. ഈ സാഹചര്യത്തിൽ 240 രൂപയ്ക്ക് ലഭിക്കുന്ന കോഴിയിറച്ചിയിലേക്ക് ചുവടുമാറുകയാണ് ഉപഭോക്താക്കൾ. കൊവിഡ് കാലത്തോടെ ഉണർവിലായിരുന്ന ഓൺലൈൻ മത്സ്യ വിൽപനശാലകളുടെ പ്രവർത്തനവും കഴിഞ്ഞ ദിവസങ്ങളിൽ മന്ദഗതിയിലായി. മീൻ വിലയ്ക്ക് പുറമേ, ഡെലിവറി ചാർജും ക്ലിനീംഗ് ചാർജും ഉൾപ്പടെ നൂറുരൂപയോളം ഓൺലൈൻ വ്യാപാരത്തിൽ അധിക ചെലവ് വരും. ചെറുവള്ളങ്ങളിലും പൊന്തുവള്ളങ്ങളിലും പോയി മത്സ്യത്തൊഴിലാളികൾ കൊണ്ടുവരുന്ന മത്സ്യം മാത്രമാണ് അടുത്ത ഒരുമാസത്തേക്ക് ആശ്രയമെന്നതാണ് സ്ഥിതി. നൂറ് രൂപയിൽ താഴെ മത്സ്യവിലയുണ്ടായിരുന്ന കാലം പഴങ്കഥയാവുകയാണ്.

വില വർദ്ധന ഹോട്ടലുകളിലെ വിഭവങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നുണ്ട്. ലൈവ് ചിക്കൻ 155 രൂപയ്ക്ക് ലഭിക്കുമ്പോൾ ഇറച്ചിക്ക് 240 - 270 രൂപയാണ് വിപണി വില. ബീഫിന് 350 - 380 രൂപയാണ് ഏറിയും കുറഞ്ഞും നിൽക്കുന്ന നിരക്ക്. ആട്ടിറച്ചിക്ക് 700ന് മുകളിലാണ് വില. ഇതോടെ മത്സ്യ, മാംസ വിഭവങ്ങൾക്ക് വേണ്ടി വലിയ തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.

മത്സ്യ വില നിലവാരം (കിലോയ്ക്ക്)

മത്തി - 300 രൂപ

വെള്ളച്ചൂടൻ - 130

പൂവാലൻ ചെമ്മീൻ - 270

കിളിമീൻ - 230

വെള്ള ചൂര - 270

...............................

മത്സ്യ ക്ഷാമമുണ്ട്. കിട്ടുന്നവയ്ക്ക് വലിയ വിലയും. സ്ഥിരം ഉപഭോക്താക്കൾ പോലും പിൻവലിയുകയാണ്. ഇത് മൂലം കഴിഞ്ഞദിവസങ്ങളിൽ കച്ചവടത്തിനിറങ്ങിയില്ല

സുനിൽ, മത്സ്യവിൽപനക്കാരൻ

എന്നും മത്സ്യവിഭവങ്ങൾ കൂട്ടി ഊണ് കഴിക്കുന്ന ശീലം തത്കാലം മാറ്റിവയ്ക്കുകയാണ്. മാസം 3000 രൂപ മത്സ്യത്തിനായി മാറ്റിവച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരട്ടിത്തുക വേണ്ടിവരുന്ന സ്ഥിതിയായി.

കവിതാ വിനോദ്, വീട്ടമ്മ