ഹരിപ്പാട്: കരുവാറ്റാ ഗ്രാമ പഞ്ചായത്തിൽ നിന്നും വാതിൽപ്പടി സേവന പദ്ധതിയുടെ രസീതുകൾ നഷ്ടപെട്ടതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും, വാതിൽപ്പടി സേവനം പോലെ പഞ്ചായത്ത് മാതൃകാപരമായി നടപ്പിലാക്കി വരുന്ന പദ്ധതികളെ തകർക്കുവാനും നടത്തുന്ന ശ്രമം അപലപനീയമാണെന്ന് കരുവാറ്റാ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് എസ്.സുരേഷ്, വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മോഹൻകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഓമനക്കുട്ടൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആരോപിച്ചു. രസീതുകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ചലനശേഷിയില്ലാത്ത അശരണരുടെ വീട്ടുപടിക്കൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ സേവനമെത്തിക്കുന്നതാണ് വാതിൽപ്പടി സേവന പദ്ധതി. പഞ്ചായത്ത് പരിധിയിൽ 606 ഗുണഭോക്താക്കളെ കണ്ടെത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ വികസന-ക്ഷേമപദ്ധതികളുമായി മുന്നോട്ട് പോകുന്ന ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുവാനുള്ള ഗൂഢശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് ഭരണസമിതി ആരോപിച്ചു.