ambala

അമ്പലപ്പുഴ: വൃക്കകൾ തകരാറിലായ ബിജുകുമാറിന്റെ ചികിത്സക്കായി നാട് കൈകോർത്ത് സമാഹരിച്ചത് 8.20 ലക്ഷം രൂപ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ ബിജു ഭവനിൽ ബിജുകുമാറി(37)ന്റെ വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയക്കായി ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകളിലാണ് ഫണ്ട് സമാഹരണം നടത്തിയത്. അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായ ബിജു കുമാറിന് ഒന്നരവർഷമായി ആഴ്ചയിൽ രണ്ട് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. വൃക്കമാറ്റിവച്ചാലേ ജീവൻ രക്ഷിക്കാനാകൂ. ബിജുവിന്റെ സഹോദരി വൃക്ക നൽകി ജീവൻ രക്ഷിക്കാൻ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായുള്ള ചെലവ് ഈ നിർദ്ധന കുടുംബത്തിന് താങ്ങാനാകുന്നതല്ല. 15 ലക്ഷത്തോളം രൂപയാണ് ഇതിനായി വേണ്ടിവരുന്നത്. ഭാര്യ അശ്വതിയും, മക്കളായ അഞ്ജന, ആദിത്യ ഉൾപ്പെടുന്ന ഈ നിർദ്ധന കുടുംബം സ്വന്തമായി വീടും സ്ഥലവുമില്ലാതെ വർഷങ്ങളായി വാടക വീട്ടിലാണ്. മരപ്പണിക്കാരനായ ബിജുവിന് അസുഖം മൂലം ജോലിക്ക് പോകാനാകുന്നില്ല. ബിജുവിന്റെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ ചെയർമാനും, പഞ്ചായത്തംഗം എം. ശ്രിദേവി കൺവീനറുമായ ജീവൻ രക്ഷാസമതിയാണ് ധനസമാഹരണം നടത്തിയത്. എച്ച്. സലാം എം. എൽ. എ ധനസമാഹരണം കരൂരിൽ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കരൂർ ഗവ. ന്യൂ എൽ പി സ്‌കൂളിൽ ചേർന്ന ചടങ്ങിൽ എച്ച്. സലാം എം. എൽ .എ പണം ബിജുവിന് കൈമാറി.എ. എസ് .സുദർശനൻ, ഡി. ശ്രീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, അംഗങ്ങളായ കെ. രാജീവൻ, അഡ്വ.വി. എസ്. ജിനു രാജ്, രാഹുൽ, ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബി.പ്രിയ, സി.പി. എം പുറക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. അരുൺ, ഏരിയ കമ്മിറ്റിയംഗം അജ്മൽ ഹസൻ, ജി. ഓമനക്കുട്ടൻ, സുഷമ മോഹൻ ദാസ്, രവികുമാർ എന്നിവർ പങ്കെടുത്തു. ബിജുവിനെ സഹായിക്കാൻ ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ ഈ അക്കൗണ്ടുമായി ബന്ധപ്പെടണം.6530301364.ഐ .എഫ് .എസ് .സി- കഉകആ000അ177.